ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെ ടീമിന്റെ വിജയരഹസ്യം വെളിപ്പെടുത്തി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ.
ക്രിസ്ത്യൻസണിൽ നടന്ന മത്സരത്തിൽ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, സഞ്ജുവിന്റെ തകർപ്പൻ അർദ്ധശതകത്തിന്റെ മികവിലാണ് തങ്ങളുടെ എക്കാലത്തെയും ഉയർന്ന റൺവേട്ട വിജയകരമായി പൂർത്തിയാക്കിയത്.
33 പന്തിൽ എട്ട് ഫോറും നാല് സിക്സറുകളും അടക്കം 67 റൺസ് നേടിയ സഞ്ജു ടീമിന്റെ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിക്ക് ചുക്കാൻ പിടിച്ചു. പവർപ്ലേ ഓവറുകളിൽ തന്നെ മത്സരം വരുതിയിലാക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്ന് സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ചെറിയ ലക്ഷ്യമായാലും വലിയ ലക്ഷ്യമായാലും ബാറ്റിംഗ് സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്നും പവർപ്ലേ, മിഡിൽ ഓവർ, ഡെത്ത് ഓവർ എന്നിവയ്ക്കായി വ്യത്യസ്ത തന്ത്രങ്ങളാണ് ടീം ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി ഈ തന്ത്രമാണ് ഇന്ത്യ വിജയകരമായി നടപ്പിലാക്കുന്നത്. ചിലപ്പോൾ ഇത് പരാജയപ്പെടാമെങ്കിലും സ്വന്തം കഴിവിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് ടീമിന്റെ വിജയത്തിനായി മുന്നോട്ട് പോവുകയാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കളിക്കാരുടെ ഫിറ്റ്നസിന് ടീം മാനേജ്മെന്റ് വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും സഞ്ജു വ്യക്തമാക്കി. തിരക്കേറിയ മത്സരക്രമങ്ങൾ ഉള്ളതിനാൽ ഫിറ്റ്നസ് നിലനിർത്താൻ പ്രത്യേകം നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.ശാരീരികമായും മാനസികമായും തങ്ങൾ മികച്ച നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പിലെ നിർണ്ണായക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചത് തന്റെ ആത്മവിശ്വാസം വളരെയധികം വർദ്ധിപ്പിച്ചതായും സഞ്ജു പറഞ്ഞു











