മുൻമന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മിൽമ, കേരഫെഡ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി കരാർ നൽകിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതുസംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ബിന്ദു മേനോന്റെ മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്ക് കരാർ അനുവദിച്ചതിൽ കൃത്യമായ നടപടിക്രമങ്ങളോ മാനദണ്ഡങ്ങളോ പാലിച്ചിട്ടില്ലെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.
മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്ക് മുമ്പ് നൽകിയ കരാർ വ്യവസ്ഥകളിൽ നിന്ന് തികച്ചും വ്യത്യസ്തവും അനർഹവുമായ ആനുകൂല്യങ്ങൾ ഈ കമ്പനിക്ക് നൽകിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഗണേഷ് കുമാറുമായുള്ള സ്വാധീനവും ബന്ധവും ഉപയോഗിച്ചാണ് മിഡ്നൈറ്റ് സൺ ഗ്ലോബലിന് ഈ കരാറുകൾ ലഭിച്ചതെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു.










