മക്ക, മദീന മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. മിസൈലുകൾ തകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ജിദ്ദ, തായിഫ്, റാബിഗ് തുടങ്ങി നിരവധി സ്ഥലങ്ങളിലും മക്കയ്ക്ക് പുറത്തുള്ള വാദി മുഗമസിലും പതിച്ചതായാണ് റിപ്പോർട്ട്. സംഭവം സ്ഥിരീകരിച്ച സൗദി സിവിൽ ഡിഫൻസ്, പ്രദേശങ്ങളിൽ സുരക്ഷാ നടപടികൾ ആരംഭിച്ചതായും അറിയിച്ചു.
അതേസമയം, വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂതി വിമതർ പൂർണ്ണമായും തള്ളി. വിശുദ്ധ നഗരങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന പ്രചാരണം വലിയ നുണയാണെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി.
എന്നാൽ, സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. യാമ്പുവിലെ സൗദി ആരാംകോ കേന്ദ്രം, റാബിഗ് ഒയിൽ റിഫൈനറി, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, നജ്റാൻ വിമാനത്താവളം, ഖമീസ് മുശൈത്തിലെ വ്യോമസേനാ താവളം എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടത്തിയത് എന്നാണ് ഹൂതി വക്താവ് വ്യക്തമാക്കിയത്.
മേഖലയിൽ വ്യോമാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മക്ക പ്രവിശ്യയിലും ജിദ്ദ, തായിഫ്, യാമ്പു ഗവർണറേറ്റുകളിലും സൗദി സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദേശം നൽകിയിരുന്നു. പിന്നീട് ഈ പ്രദേശങ്ങളിലെ ഉടനടിയുള്ള അപകടസാധ്യത ഒഴിവായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശവാസികൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, ജനക്കൂട്ടം ഒഴിവാക്കണമെന്നും, മിസൈൽ അവശിഷ്ടങ്ങളുടെയോ പ്രതിരോധ നടപടികളുടെയോ ചിത്രങ്ങളും വീഡിയോകളും പകർത്തി പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
സംഘർഷം ശക്തമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ റദ്ദാക്കി. റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 7 വരെയും, ജിദ്ദയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രാക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും കമ്പനി വ്യക്തമാക്കി. ഇൻഡിഗോ, ആകാശ് എയർ എന്നീ കമ്പനികളും സൗദി നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.










