മുംബൈ ഇന്ത്യൻസിന്റെ ഭാവി ക്യാപ്റ്റനായി നമാൻ ധീറിനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഐ.പി.എല്ലിൽ നിന്ന് രോഹിത് ശർമ്മയുടെ വിരമിക്കൽ പെട്ടെന്നുണ്ടാകില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. എം.എസ് ധോണിയുടെ നീണ്ട കരിയറുമായി രോഹിതിന്റെ സാഹചര്യത്തെ ഉപമിച്ചായിരുന്നു അശ്വിന്റെ നിരീക്ഷണം. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് വർഷങ്ങളായി അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും കളി തുടരുന്നത് പോലെ രോഹിതും ഒന്നിലധികം സീസണുകളിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് അശ്വിൻ പറഞ്ഞു. നമാൻ ധീറിന്റെ ഗ്രൗണ്ടിലെ ശാന്തതയും വ്യക്തതയും കണക്കിലെടുക്കുമ്പോൾ ഭാവിയിൽ ടീമിനെ നയിക്കാൻ അനുയോജ്യനായ വ്യക്തിയായി താരം ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അടുത്ത ഐ.പി.എൽ സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ ട്രേഡിംഗിലൂടെ മുംബൈ ഇന്ത്യൻസ് വിടാൻ സാധ്യതയുണ്ടെന്നും അശ്വിൻ സൂചന നൽകി. പഞ്ചാബ് കിങ്സിൽ നിന്ന് ഒരു ലെഗ് സ്പിന്നറെയോ ഇന്ത്യൻ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളറെയോ സ്വന്തമാക്കാൻ ഹാർദിക്കിനെ വിട്ടുനൽകിക്കൊണ്ട് മുംബൈ ശ്രമിച്ചേക്കും. 2024-ൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് തിരിച്ചെത്തി മുംബൈയുടെ നായകസ്ഥാനമേറ്റെടുത്ത ഹാർദിക്കിന് കീഴിൽ ടീമിന്റെ പ്രകടനം നിരാശാജനകമായിരുന്നു. 2024, 2026 സീസണുകളിൽ പ്ലേഓഫ് കാണാതെ പുറത്തായതോടെ നായക സ്ഥാനത്ത് ഹാർദിക്കിന്റെ ഭാവി ചോദ്യചിഹ്നമായി മാറി.
ഹാർദിക് ടീമിൽ കളിക്കാരനായി തുടരുകയും രോഹിത് ശർമ്മ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന മറ്റൊരു സാധ്യതയും അശ്വിൻ മുന്നോട്ടുവെച്ചു. ഹാർദിക്കിന് പകരം വെക്കാൻ പോന്ന മറ്റൊരു ഓൾറൗണ്ടർ ലഭ്യമല്ലാത്തതിനാൽ താരത്തെ പൂർണ്ണമായി ഒഴിവാക്കുന്നത് മുംബൈക്ക് തിരിച്ചടിയായേക്കും. 2027 ഐ.പി.എൽ ലേലത്തിന് മുന്നോടിയായി വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് കടന്നുപോകുന്നത്. നേതൃത്വത്തിലും ടീം ഘടനയിലും നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഫ്രാഞ്ചൈസി നിർബന്ധിതരായിരിക്കുകയാണ്.












