ഐ.പി.എൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മയെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ഫ്രാഞ്ചൈസി ട്രേഡ് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അശ്വിന്റെ പുതിയ നിർദ്ദേശം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ സീസണിൽ മികച്ച സ്ക്വാഡ് ഉണ്ടായിരുന്നിട്ടും മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിലെത്താൻ കഴിയാത്തത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് അശ്വിൻ പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കുന്ന ഒരു വലിയ ജ്യേഷ്ഠനെപ്പോലെ ടീമിനെ ഒന്നിപ്പിച്ചു നിർത്താൻ രോഹിത് ശർമ്മയ്ക്കേ കഴിയൂ എന്നും, അതിനാൽ അദ്ദേഹം തന്നെ വീണ്ടും നായകനാകുന്നത് ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച ചരിത്രമുള്ള താരമാണ് രോഹിത് ശർമ്മ. 2013-ൽ റിക്കി പോണ്ടിങ്ങിന് പകരമാണ് അദ്ദേഹം ആദ്യമായി മുംബൈയുടെ നായകനാകുന്നത്. രോഹിത്തിന്റെ കീഴിൽ 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് മുംബൈ കിരീടം ചൂടിയത്. എന്നാൽ 2024-ലെ സീസണിന് മുമ്പ് അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.
2022-ലെ മെഗാ ലേലത്തിന് മുമ്പ് മുംബൈ ഒഴിവാക്കിയ ഹാർദിക് പാണ്ഡ്യ, ഗുജറാത്ത് ടൈറ്റൻസിനായി കളിച്ച് ആദ്യ സീസണിൽ തന്നെ ടീമിനെ ചാമ്പ്യന്മാരാക്കിയിരുന്നു. തുടർന്ന് 2024-ൽ മുംബൈയിലേക്ക് മടങ്ങിയെത്തിയ ഹാർദിക്കിനെ ഫ്രാഞ്ചൈസി നായകനായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഹാർദിക്കിന്റെ കീഴിൽ മുംബൈയ്ക്ക് ഇതുവരെ ഐ.പി.എൽ ഫൈനലിൽ എത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ 2024-ലെ ടി20 ലോകകപ്പും 2025-ലെ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കുകയും, 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ എത്തുകയും ചെയ്തിട്ടുണ്ട്.











