മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകനായി നിയമിതനായതിന് പിന്നാലെ ജോബെർഗ് സൂപ്പർ കിങ്സുമായുള്ള (ജെ.എസ്.കെ) എസ്.എ20 (SA20) കരാറിൽനിന്ന് കീറോൺ പൊള്ളാർഡ് പിന്മാറിയ സംഭവത്തിൽ കർശന നടപടികൾ ആവശ്യപ്പെട്ട് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. താരങ്ങൾ കരാർ ഒപ്പിട്ട ശേഷം വ്യക്തമായ കാരണങ്ങളില്ലാതെ പിന്മാറുകയാണെങ്കിൽ ലേലത്തുകയുടെ മൂന്നിരട്ടി പിഴ ഈടാക്കണമെന്നും ആഗോള ടി20 ലീഗുകളിൽ കളിക്കുന്നതിന് ഐ.സി.സി നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അശ്വിൻ ആവശ്യപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഐ.പി.എൽ 2027 സീസണിനായി മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി മഹേല ജയവർധനിക്ക് പകരം കീറോൺ പൊള്ളാർഡിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. എം.ഐ കേപ്ടൗൺ ഒഴിവാക്കിയ പൊള്ളാർഡിനെ, എസ്.എ20 ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ സഹോദര ഫ്രാഞ്ചൈസിയായ ജോബെർഗ് സൂപ്പർ കിങ്സ് 1.5 ദശലക്ഷം റാൻഡിനാണ് സ്വന്തമാക്കിയിരുന്നത്. എന്നാൽ മുംബൈയുടെ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ, താൽപ്പര്യ സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി എസ്.എ20 ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതായി പൊള്ളാർഡ് ജെ.എസ്.കെയെ അറിയിക്കുകയായിരുന്നു.
ഇതുപോലുള്ള അവസാന നിമിഷങ്ങളിലെ പിന്മാറ്റങ്ങൾ ഫ്രാഞ്ചൈസികൾക്ക് വലിയ തിരിച്ചടിയാണെന്നും, പരിക്കോ രാജ്യാന്തര ഉത്തരവാദിത്തങ്ങളോ ഇല്ലാതെ പിന്മാറുന്ന കളിക്കാരനിൽ നിന്നും ഏജന്റിൽ നിന്നും ലേലത്തുകയുടെ മൂന്നിരട്ടി തുക പിഴയായി ഈടാക്കണമെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. നിലവിൽ ആഗോളതലത്തിൽ നിരവധി ടി20 ലീഗുകൾ നടക്കുന്നത് കാരണം പെട്ടെന്ന് ആഗോള വിലക്കുകൾ ഏർപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്കോളസ് പൂരൻ, സുനിൽ നരെയ്ൻ, ഷിംറോൺ ഹെറ്റ്‌മെയർ തുടങ്ങിയ പ്രമുഖ താരങ്ങൾ എല്ലാ ലീഗുകളിലും സ്ഥിരമായി കളിക്കുന്നവരാണ്. അതിനാൽ ഐ.സി.സി ഇടപെട്ട് ആഗോളതലത്തിൽ ആറ് ലീഗുകൾ മാത്രം അനുവദിക്കുകയും, ഒരു കളിക്കാരന് വർഷത്തിൽ രണ്ട് ലീഗുകളിൽ മാത്രം പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ കേന്ദ്രീകൃത കലണ്ടർ നടപ്പിലാക്കുകയും വേണമെന്ന് അശ്വിൻ കൂട്ടിച്ചേർത്തു.












