സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, വകുപ്പുകളിൽ കടുത്ത ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ ധനവകുപ്പ് തുടരുമ്പോഴും മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുമായി വിലകൂടിയ ആപ്പിൾ ഐപാഡുകൾ വാങ്ങാൻ സർക്കാർ നീക്കം. 21 മന്ത്രിമാർക്കും എംഎൽഎമാർക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ അടക്കമുള്ള പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കുമായി 6.71 കോടി രൂപ ചെലവഴിച്ച് 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനാണ് പുതിയ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിനായി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒക്ടോബർ 16-ന് ഔദ്യോഗികമായി ഇ-ടെൻഡർ ക്ഷണിച്ചു.
മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള പരമാവധി ചെലവ് പരിധി അടുത്തിടെ സർക്കാർ 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി വർധിപ്പിച്ചിരുന്നു. ഈ തുക വർധനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്രയും വലിയ തുകയുടെ പുതിയ ഐപാഡ് ടെൻഡർ പുറത്തുവന്നിരിക്കുന്നത്.
ടെൻഡർ രേഖകൾ പ്രകാരം, ഏറ്റവും പുതിയ 13 ഇഞ്ച് ഐപാഡ് പ്രോ (iPad Pro) മോഡലുകൾക്കായി മാത്രം ഏകദേശം 3.19 കോടി രൂപ ചെലവഴിക്കും. ഓരോ യൂണിറ്റിനും വിപണിയിൽ ഏകദേശം 1,99,000 രൂപയോളമാണ് വില വരുന്നത്. ഇതിനുപുറമെ, 11 ഇഞ്ച് ഐപാഡ് പ്രോ വൈഫൈ (256GB) മോഡലുകൾക്കായി 2.23 കോടി രൂപയും (യൂണിറ്റിന് 1.39 ലക്ഷം രൂപ), 11 ഇഞ്ച് ഐപാഡ് A16 (വൈഫൈ + സെല്ലുലാർ 256GB) മോഡലുകൾക്കായി ബാക്കിയുള്ള 1.27 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഖജനാവിൽ പണമില്ലാത്തതിനെ തുടർന്ന് ദൈനംദിന ആവശ്യങ്ങൾക്കും വികസന പദ്ധതികൾക്കും തുക കണ്ടെത്താനാകാതെ ധനവകുപ്പ് പ്രതിസന്ധിയിലാണെന്നും അത്യാവശ്യ കാര്യങ്ങൾക്ക് പോലും ഫണ്ട് അനുവദിക്കുന്നില്ലെന്നും സാമ്പത്തിക മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് കോടികൾ മുടക്കിയുള്ള ഹൈടെക് വാങ്ങൽ നീക്കം. ഇ ഫയൽ അഡ്മിനിസ്ട്രേഷനും ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് പുതിയ ഉപകരണങ്ങൾ വാങ്ങുന്നതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും, സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും വലിയ തുക ധൂർത്തടിക്കുന്നതിനെതിരെ പൊതുസമൂഹത്തിലും പ്രതിപക്ഷ ഗ്രൂപ്പുകളിലും വൻ പ്രതിഷേധം ഉയരുന്നുണ്ട്.












