നാഗ്പൂരിൽ നടന്ന ജാർഖണ്ഡ് – ഉത്തരാഖണ്ഡ് വനിതാ അണ്ടർ-19 ക്രിക്കറ്റ് മത്സരത്തിനിടയിൽ സ്കോറിംഗ് പിഴവിനെ തുടർന്ന് വലിയ വിവാദം. ടൂർണമെന്റിൽ തങ്ങളുടെ ടീമിന് അവസരം നഷ്ടപ്പെടാൻ സ്കോറിംഗ് പിഴവ് കാരണമായെന്ന് ചൂണ്ടിക്കാട്ടി ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ ബി.സി.സി.ഐക്ക് പരാതി നൽകി. ഉത്തരാഖണ്ഡ് ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജാർഖണ്ഡ് 133 റൺസിന് പുറത്താവുകയായിരുന്നുവെന്നാണ് ഔദ്യോഗിക സ്കോർബോർഡ് വ്യക്തമാക്കുന്നത്. ഒരു റണ്ണിന്റെ ഈ തോൽവിക്ക് കാരണം സ്കോർബോർഡിൽ ഒരു റൺ രേഖപ്പെടുത്താൻ വിട്ടുപോയതാണെന്നും, യഥാർത്ഥത്തിൽ മത്സരം സമനിലയിൽ അവസാനിക്കേണ്ടതായിരുന്നു എന്നുമാണ് ജാർഖണ്ഡ് അസോസിയേഷന്റെ വാദം.
ജാർഖണ്ഡിന്റെ ഇന്നിങ്സിലെ 30-ാം ഓവറിലാണ് വിവാദത്തിനാധാരമായ സംഭവം നടന്നത്. രണ്ടാമത്തെ റണ്ണിനായി ശ്രമിക്കുന്നതിനിടെ ജാർഖണ്ഡ് ബാറ്റർ റൺഔട്ട് ആകുകയായിരുന്നു. എന്നാൽ റൺഔട്ടിന് മുൻപ് തന്നെ ആദ്യ റൺ പൂർത്തിയായിരുന്നു. ഔദ്യോഗിക സ്കോറർ റൺഔട്ട് രേഖപ്പെടുത്തിയെങ്കിലും പൂർത്തിയായ ആദ്യ റൺ ടീമിന്റെ ടോട്ടലിൽ ചേർക്കാൻ വിട്ടുപോയെന്നാണ് ജെ.സി.എ ആരോപിക്കുന്നത്. ഈ ഒരു റൺ കൂടി ചേർത്തിരുന്നെങ്കിൽ മത്സരഫലം തോൽവിയിൽ നിന്ന് സമനിലയായി മാറുമായിരുന്നു.
മത്സരത്തിന്റെ അവസാന പന്തിൽ ജാർഖണ്ഡിന് ജയിക്കാൻ രണ്ട് റൺസ് ആവശ്യമാണെന്നാണ് സ്കോർബോർഡ് കാണിച്ചിരുന്നത്. എന്നാൽ ബാറ്റർമാർക്ക് ഒരു റൺ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതോടെ മത്സരം സമനിലയിലായെന്നാണ് ടീം ആദ്യം കരുതിയതെങ്കിലും, ഉത്തരാഖണ്ഡ് ഒരു റണ്ണിന് വിജയിച്ചതായി ഔദ്യോഗിക ഫലം പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്ന് ജാർഖണ്ഡ് താരങ്ങളും ഔദ്യോഗിക സ്കോററും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഫലം മാറ്റാൻ തയ്യാറാവാത്തതിനെ തുടർന്നാണ് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ വിഷയം ബി.സി.സി.ഐയുടെ ഔദ്യോഗിക ശ്രദ്ധയിൽപ്പെടുത്തിയത്.












