ന്യൂയോർക്ക്: വെള്ള നിറത്തിലുള്ള കല്ലുകൾ നിറഞ്ഞ നിലത്ത് വീണുപോയ വെള്ള ഇയർബഡ്സ് തിരികെ കണ്ടെത്തുക എന്നത് ഏതൊരാളുടെയും ക്ഷമയും കണ്ണുകളുടെ കാഴ്ചശക്തിയും പരീക്ഷിക്കുന്ന കാര്യമാണ്. എന്നാൽ ഇവിടെ കണ്ണ് തളർന്നപ്പോൾ പണി എഐക്ക് നൽകി നഷ്ടപ്പെട്ട ഇയർബഡ്സ് 10 മിനിറ്റുകൊണ്ട് തിരികെ കണ്ടുപിടിച്ചിരിക്കുകയാണ് ഒരു യുവാവ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയെ (ChatGPT) ഡിറ്റക്ടീവാക്കി മാറ്റിയാണ് യുവാവ് ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്.
ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. മകനുമൊത്ത് പാർക്കിൽ നിന്ന് മടങ്ങുകയായിരുന്ന യുവാവ്, പാർക്കിംഗ് ലോട്ടിലേക്ക് നടക്കവേ മുന്നോട്ടോടിയ കുട്ടിയെ പിടിക്കാനായി പെട്ടെന്ന് ഓടുകയായിരുന്നു. ഇതിനിടയിൽ ഹൂഡിയുടെ പോക്കറ്റിലിരുന്ന ഇയർബഡ്സ് കേസ് നിലത്തു വീഴുകയും അടപ്പ് തുറന്ന് ഇടത് വശത്തെ ഇയർബഡ്സ് പുറത്തേക്ക് തെറിച്ച് വെളുത്ത ഗ്രാവൽ കല്ലുകൾക്കിടയിലേക്ക് വീഴുകയും ചെയ്തു.
സൂര്യൻ അസ്തമിക്കാൻ തുടങ്ങിയതോടെ വെളിച്ചം കുറഞ്ഞു വന്നതും വെളുത്ത കല്ലുകൾക്കിടയിൽ വെളുത്ത ഇയർബഡ്സ് വീണതും തിരച്ചിൽ അതീവ ദുഷ്കരമാക്കി. 10 മിനിറ്റോളം താഴെ കുനിഞ്ഞുനിന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇയർബഡ്സ് കണ്ടെത്താൻ യുവാവിന് സാധിച്ചില്ല. തുടർന്ന് മുൻപും പല ആവശ്യങ്ങൾക്കായി ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്ന യുവാവിന് ഒരു ബുദ്ധി തോന്നി. തനിക്ക് കണ്ടെത്താൻ കഴിയാത്തത് എഐക്ക് കണ്ടുപിടിക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഉടൻ തന്നെ കല്ലുകൾ നിറഞ്ഞ പ്രദേശത്തിന്റെ കുറച്ചു ചിത്രങ്ങൾ മൊബൈലിൽ പകർത്തി ചാറ്റ് ജിപിടിക്ക് അയച്ചു നൽകുകയും നഷ്ടപ്പെട്ട ഇയർബഡ്സ് എവിടെയാണെന്ന് കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തു. ചിത്രങ്ങൾ വിശകലനം ചെയ്ത ചാറ്റ് ജിപിടി, കൂടുതൽ വ്യക്തത ലഭിക്കാനായി കുറച്ചുകൂടി അടുത്തുവെച്ച് എടുത്ത (Cropped) ചിത്രങ്ങൾ അയക്കാൻ യുവാവിനോട് ആവശ്യപ്പെട്ടു. തുടർന്ന് അടുത്തടുത്തുള്ള ചിത്രങ്ങൾ പരിശോധിച്ച ചാറ്റ് ജിപിടി, കല്ലുകൾക്കിടയിൽ ഒളിച്ചിരുന്ന ഇയർബഡ്സിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തി (Pinpoint) ചിത്രം തിരിച്ചയച്ചു നൽകി.
ചാറ്റ് ജിപിടി അടയാളപ്പെടുത്തിയ സ്ഥാനത്ത് നോക്കിയ യുവാവ് സെക്കന്റുകൾക്കുള്ളിൽ തന്റെ ഇയർബഡ്സ് കണ്ടെത്തുകയും ചെയ്തു. റെഡ്ഡിറ്റിൽ (Reddit) യുവാവ് പങ്കുവെച്ച ഈ അപൂർവ്വ ഡിജിറ്റൽ തിരച്ചിലിന്റെ അനുഭവ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി മാറുകയാണ്. സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്രത്തോളം ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നാണ് നെറ്റിസൺസ് കുറിക്കുന്നത്.












