റോം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കണമെന്ന് യുഎന്‍ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടതായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് അനുസരിച്ച് നാലുവര്‍ഷമായി ഇന്ത്യയില്‍ തടവില്‍ കഴിയുന്ന നാവികന് സാല്‍വത്തോറെ ജിറോണിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഇറ്റലിയില്‍ വിശ്രമിക്കുന്ന ലത്തോറെ മാസിമിലാനോയ്ക്കെതിരായ കേസിന്റെ മെറിറ്റ് കോടതി പരിശോധിക്കുമെന്നും ഇറ്റലി വ്യക്തമാക്കുന്നുണ്ട്.
2012-ലാണ് കൊല്ലം തീരത്ത് വെച്ച് മത്സ്യബന്ധന ബോട്ടിനു നേരെ നാവികര്‍ വെടിവെച്ചതിനെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നാവികരെ ഇന്ത്യ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരായ വിചാരണ ഡല്‍ഹിയില്‍ നടന്നു വരികയാണ്. വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ആയതിനാല്‍ അന്താരാഷ്ട്ര കോടതിയാണ് തീര്‍പ്പ് കല്പിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ നിര്‍ത്തി വച്ചിരിക്കുകയാണ്.
Discussion about this post