ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി. ത്യാഗിക്ക് ഇടനിലക്കാര്‍ രഹസ്യ പേര് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഇടപാടിലെ കോഴയാരോപണം അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം ജ്യൂലി എന്നാണ് ത്യാഗിയെ വിശേഷിപ്പിച്ചിരുന്നത്. സുന്ദരിയായ സ്ത്രീയെന്നാണ് ഇറ്റാലിയന്‍ ഭാഷയില്‍ ഇതിന്റെ അര്‍ഥം. കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ അന്വേഷകര്‍ ചോര്‍ത്തിയ സംഭാഷണങ്ങളടങ്ങിയ ടേപ്പിലാണ് ഈ വിവരങ്ങളുള്ളത്. ഗെയിഡോ റാല്‍ഫ് ഹാഷ്കെ, കാര്‍ലോ ഗെറോസ എന്നീ ഇടനിലക്കാര്‍ നടത്തിയ സംഭാഷണങ്ങളുടെ രേഖകളാണ് ഇറ്റലിയില്‍നിന്ന് സിബിഐക്ക് ലഭിച്ചിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ നടന്ന അന്വേഷണത്തില്‍ ത്യാഗി രോഷാകുലനായിരുന്നുവെന്നും രേഖ പറയുന്നു.
നേരത്തേ, ഇറ്റലിയിലെ മിലന് കോര്‍ട്ട് ഓഫ് അപ്പീല്‍ ഇടപാടില്‍ കോഴ നടന്നിട്ടുണ്ടെന്ന് 225 പേജടങ്ങിയ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇതില്‍ എസ്.പി. ത്യാഗിക്ക് പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. 125 കോടി രൂപ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് കോഴ നല്‍കിയിട്ടുണ്ടെന്നും വിധിന്യായം പറയുന്നു. 2010-ലാണ് 3600 കോടിയുടെ ഇടപാട് നടക്കുന്നത്. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് 2013-ല്‍ കരാര്‍ റദ്ദാക്കി.
Discussion about this post