മുംബൈ : ടി20 ലോകകപ്പ് വിജയത്തിന് ശേഷം നാട്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ വരവേൽപ്പാണ് മുംബൈ നഗരം നൽകുന്നത്. മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്നും വാംഖഡെ സ്റ്റേഡിയത്തിലേക്ക് ഒന്നര കിലോമീറ്റർ ദൂരം തുറന്ന ബസ്സിൽ ഘോഷയാത്ര ആയാണ് ഇന്ത്യൻ ടീം എത്തുക. താരങ്ങളെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് ബസ് സഞ്ചരിക്കുന്ന വഴിയിലൂട നീളം കാത്തുനിന്നിരുന്നത്.
എന്നാൽ മഹാരാഷ്ട്രയിൽ ഇപ്പോൾ പുതിയൊരു വിവാദം പൊട്ടിമുളച്ചിരിക്കുകയാണ്. ക്രിക്കറ്റ് താരങ്ങളുടെ ഘോഷയാത്രയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ബസ്സിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഘോഷയാത്രയ്ക്ക് ഉപയോഗിച്ചിരിക്കുന്ന തുറന്ന ബസ് ഗുജറാത്തിൽ നിന്നും എത്തിച്ചതാണ് എന്നുള്ളത് പ്രതിപക്ഷമായ കോൺഗ്രസിനെയും ശിവസേന ഉദ്ധവ് വിഭാഗത്തിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിൽ നിന്നും ബസ് കൊണ്ടുവന്നത് മഹാരാഷ്ട്രയെ അപമാനിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പാടോലെ വിമർശനമുന്നയിച്ചു.
ശിവസേന യു ബി ടി വിഭാഗം നേതാവും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയും എൻസിപി ശരദ് പവാർ വിഭാഗം നേതാവ് രോഹിത് പവാറും ഗുജറാത്തിൽ നിന്നും ബസ് കൊണ്ടുവന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മുംബൈയിൽ പ്രവർത്തിക്കുന്ന ബെസ്റ്റ് ഗ്രൂപ്പിന്റെ ബസ്സുകൾ മഹാരാഷ്ട്രയുടെ അഭിമാനമാണെന്നും ഇത്തരമൊരു ഘോഷയാത്രയ്ക്കായി ആ ബസുകൾ ഉപയോഗിക്കണമായിരുന്നു എന്നും രോഹിത് പവാർ കുറ്റപ്പെടുത്തി. ഇന്ത്യൻ താരങ്ങളുടെ ഘോഷയാത്രയ്ക്ക് ആയി ബിസിസിഐ ഏർപ്പെടുത്തിയ ഡബിൾ ഡക്കർ ബസിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയതോടെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഈ വിമർശനം ഉയർന്നത്.
Discussion about this post