തിരുവനന്തപുരം: ഇന്ത്യയുടെ ചരക്ക് ഗതാഗത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പിനൊരുങ്ങി ഭാരതം. സ്വന്തമായി ഒരു മദർ പോർട്ട് ഇല്ല എന്ന നമ്മുടെ കുറവ് മാറ്റി വിഴിഞ്ഞം തുറമുഖം പ്രവർത്തനയോഗ്യമാകുന്നു. ഡിസംബറിൽ ആദ്യഘട്ടത്തിന്റെ കമ്മിഷനിംഗിന് ഒരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് 12ന് എത്തും. യൂറോപ്പിൽ നിന്ന് ആയിരത്തോളം കണ്ടെയ്നറുകളുമായി ഗുജറാത്ത് മുന്ദ്ര തുറമുഖം വഴിയാണ് കപ്പലടുക്കുക.
നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ വിഴിഞ്ഞം തുറമുഖത്ത് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സംവിധാനങ്ങൾ പരിശോധിച്ചുറപ്പിക്കും. കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കും. അതെ സമയം ഈ ഐതിഹാസിക നിമിഷത്തിൽ പങ്ക് ചേരാൻ കേന്ദ്രമന്ത്രിമാരും എത്തിയേക്കും എന്നാണ് അറിയുന്നത് .
ഷിപ്പിംഗ് കമ്പനികളായ മെർസെകിന്റെയോ എം.എസ്.സിയുടെയോ കപ്പലാണിതെന്നാണ് അറിയുന്നത്. 800 മീറ്റർ ബർത്തിന്റെ മദ്ധ്യഭാഗത്തെ 300 മീറ്ററിലാവും നങ്കൂരമിടുക. കൊൽക്കത്തയ്ക്കുള്ള തുണിത്തരങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളുമാണ് കണ്ടെയ്നറുകളിൽ. ഇവിടെ ഇറക്കുന്ന കണ്ടെയ്നറുകൾ ചെറു കപ്പലുകളിൽ കൊൽക്കത്തയ്ക്ക് കൊണ്ടുപോകും.
തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ത്യയുടെ സമുദ്ര വ്യാപാര മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് ടെർമിനൽ എന്ന നിലയിൽ, അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിൽ രാജ്യത്തിൻ്റെ തലവര തന്നെ മാറ്റിക്കുറിക്കാൻ ശേഷിയുള്ളതാണ് വിഴിഞ്ഞം പോർട്ട്.
ഇന്ത്യയിലെ തുറമുഖങ്ങൾക്ക് വലിയ മദർ ഷിപ്പുകൾ കപ്പലുകൾ കൈകാര്യം ചെയ്യാൻ മതിയായ ആഴമില്ലാത്തതിനാൽ ഇതുവരെ, കണ്ടെയ്‌നർ കപ്പലുകൾ ഇന്ത്യയെ ഒഴിവാക്കി കൊണ്ടായിരുന്നു സമുദ്ര വ്യാപാരം നടത്തി കൊണ്ടിരുന്നത്. നമ്മുടെ അയൽ തുറമുഖങ്ങളായ കൊളംബോ, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിലായിരുന്നു ഇതുവരെ വലിയ അന്താരാഷ്ട്ര കപ്പലുകൾ ഡോക്കിംഗ് നടത്തിയിരുന്നത് . വലിയ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിലൂടെ, ചൈനയുടെ ആധിപത്യത്തോട് മത്സരിച്ച് ഇന്ത്യയുടെ ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുന്നതിലും അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിലും വിഴിഞ്ഞം ഒരു സുപ്രധാന പങ്കാണ് വഹിക്കാൻ പോകുന്നത്.
Discussion about this post