ഡല്‍ഹി: ഉത്തരാഖണ്ഡിലെ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ രഷ്ട്രപതിഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഇക്കാര്യം അറിയിച്ചത്. ഹരീഷ് റാവത്തിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചു. 33 വോട്ട് നേടി കോണ്‍ഗ്രസ് ജയിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം ഇന്നലെയാണ് ഉത്താഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിന്റെ ഫലം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കൈയ്യുയര്‍ത്തി പിന്തുണ പരസ്യമായി രേഖപ്പെടുത്തിയാണ് ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്. സ്പീക്കര്‍ വോട്ട് ചെയ്തില്ല. കോണ്‍ഗ്രസില്‍ നിന്ന് രേഖ ആര്യ അവസാന നിമിഷം കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ ബിജെപിയില്‍ നിന്ന് ഭീംലാല്‍ ആര്യ കോണ്‍ഗ്രസ് പക്ഷത്തെത്തി. സ്പീക്കര്‍ ഒഴിച്ചുള്ള 26 അംഗങ്ങളുടേയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗത്തിന്റെയും ബിഎസിപിയുടെ രണ്ട് പേരുടേയും മൂന്ന് സ്വതന്ത്രരുടേയും ഉത്തരാഖണ്ഡ!് ക്രാന്തി പാര്‍ട്ടിയുടെ ഒരംഗത്തിന്റെയും പിന്തുണ ഹരീഷ് റാവത്തിന് ലഭിച്ചു. ഇതോടെ 62 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട 32നെക്കാള്‍ ഒരു വോട്ട് ഹരീഷ് റാവത്തിന് കൂടുതല്‍ ലഭിച്ചു. 71 അംഗനിയമസഭയില്‍ ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നതിനാല് ഇവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനായിരുന്നില്ല.
മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.
ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതിനെതിരെ ഹരിഷ് റാവത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി രാഷ്ട്രപതി ഭരണം റദ്ദാക്കി. വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ഹരീഷ് റാവത്ത് സര്‍ക്കാരിനോട് ഏപ്രില്‍ 29 ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. തുടര്‍ന്ന് സുപ്രീംകോടതിയും കോടതി മേല്‍നോട്ടത്തില്‍ ഇന്നലെ വിശ്വാസവോട്ടിന് ഉത്തരവിടുകയായിരുന്നു.
Discussion about this post