കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മുകേഷ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചു വച്ചെന്നാരോപിച്ച് മുന്‍ ഭാര്യയും നടിയുമായ സരിത രംഗത്ത്. മുകേഷ് നല്കിയ സത്യവാങ്മൂലത്തില്‍ വലിയ തെറ്റുകള്‍ മനപൂര്‍വ്വം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സരിത ആരോപിക്കുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സരിതയുടെ നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍.
സത്യവാങ്മൂലം സംബന്ധിച്ച് സരിതയുടെ വെളിപ്പെടുത്തലുകള്‍
മേതില്‍ ദേവികയുടെ പേരാണ് മുകേഷ് സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ മുകേഷ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. മേതില്‍ ദേവികയെ വിവാഹം ചെയ്തുവെന്ന വാര്‍ത്ത താനറിയുന്നത് ദൃശ്യമാദ്ധ്യമങ്ങളില്ക്കൂടി മാത്രമാണ്.
ആശ്രിതരെ സംബന്ധിക്കുന്ന കോളത്തില്‍, ആശ്രിതരില്ല എന്ന തരത്തില്‍ മുകേഷ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രണ്ട് ആണ്‍കുട്ടികളുടെ അച്ഛനായ മുകേഷ് തനിക്ക് ആശ്രിതരാരുമില്ലെന്നു പറയുന്നത് തെറ്റാണ്.
തന്റെ പേരില്‍ കേസുകളൊന്നും നിലവിലില്ലെന്ന് മുകേഷ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ശരിയല്ല. തങ്ങളുടെ കേസ് ഇപ്പോഴും കേരള ഹൈക്കോടതിയില്‍ നിലവിലുണ്ട്.
നിയമം പഠിച്ച മുകേഷ് നിയമം കയ്യിലെടുക്കുകയാണെന്നും സരിത ആരോപിച്ചു. 28 വര്‍ഷമായി താന്‍ മിസിസ്. മുകേഷ് തന്നെയാണ്. ക്രൂരനായ ഒരു ഭര്‍ത്താവാണ് മുകേഷ്, ആര്‍ക്കും ദഹിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതാണ് തങ്ങളുടെ ജീവിതം. സരിതയില്‍ മുകേഷിനുണ്ടായ കുട്ടികളോട്, താന്‍ എം.എല്‍.എ ആയാല്‍ കിട്ടാവുന്ന എല്ലാ ലാഭങ്ങളും മക്കള്ക്കുളളതാണെന്നും, അതുകൊണ്ട് അമ്മയോട് പ്രശ്നങ്ങളുണ്ടാക്കാതെ അടങ്ങിയിരിക്കാന്‍ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടതായും സരിത പറയുന്നു. ഇത്തരത്തില്‍ പറയുന്ന മുകേഷ്, ലാഭമുണ്ടാക്കാനാണോ പൊതുസേവനത്തിനിറങ്ങിയിരിക്കുന്നതെന്നും സരിത ചോദിച്ചു.
സ്വന്തം കുടുംബത്തിനു നീതി ലഭ്യമാക്കിയിട്ടു വേണം നേതാവാകാന്‍. ഗര്‍ഭിണിയായ ഭാര്യയെപ്പോലും ദേഹോപദ്രവമേല്‍പ്പിച്ച ഒരു ഭര്‍ത്താവാണോ സാമൂഹ്യസേവനം ചെയ്യാന്‍ പോകുന്നതെന്നും സരിത ചോദിക്കുന്നു.
സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് മുകേഷ് നല്‍കിയിരിക്കുന്നത് എന്ന ആരോപണം ഏറെ ഗുരുതരമാണ്. വിഷയം കൊല്ലം മണ്ഡലത്തില്‍ എതിരാളികള്‍ ആയുധമാക്കി കഴിഞ്ഞു.
Discussion about this post