തിരുവനന്തപുരം: രണ്ടര മാസത്തോളം നീണ്ട നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശത്തോടെ സമാപനം. വൈകുന്നേരം ആറിന് പരസ്യപ്രചാരണം അവസാനിക്കും. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച വോട്ടെടുപ്പ്.
ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപനദിനം ദേശീയ നേതാക്കളുള്‍പ്പെടെയുള്ളവര്‍ സജീവമായുണ്ടാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജെ.പി. നദ്ദ തുടങ്ങിയ നേതാക്കളുടെ നിര റോഡ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികളുമായി ഇന്നു തിരുവനന്തപുരം ജില്ലയെ ഇളക്കിമറിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്താണ് അവസാനദിനം പ്രചാരണത്തിനിറങ്ങുക.
കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് യുഡിഎഫ് കളത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയും ഭരണം തിരിച്ചുപിടിക്കാന്‍ സര്‍വ അടവുകളും പയറ്റുകയാണ് ഇടതുമുന്നണി. മൂന്നാം ശക്തിയായി സ്വാധീനമുറപ്പിക്കാന്‍ എന്‍ഡിഎയും ശക്തമായി രംഗത്തുവന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു മത്സരം കടുത്തു.
Discussion about this post