ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതോടെ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം സിപിഎമ്മിന് നഷ്ടമാകാന്‍ സാധ്യത. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ ആവശ്യമായ മൂന്ന് നിബന്ധനകളില്‍ ഒന്നില്‍ പോലും സിപിഎമ്മിന് പാലിക്കാന്‍ നിലവില്‍ കഴിയില്ല.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പരാജയമാണ് സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.
തമിഴ്നാട്ടില്‍ കുറഞ്ഞത് 7 സീറ്റെങ്കിലും കിട്ടിയിരുന്നെങ്കില്‍ മാത്രമേ സി പി എമ്മിന് ദേശീയ പാര്‍ട്ടി എന്ന പദവി നിലനിര്‍ത്താന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ തമിഴ്നാട്ടില്‍ ഒരു സീറ്റ് പോലും നേടാന്‍ സി പി എമ്മിന് സാധിച്ചില്ല. ക്യാപ്റ്റന്‍ വിജയകാന്ത് നേതൃത്വം നല്കിയ പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് എന്ന മുന്നണിയുടെ ഭാഗമായിട്ടാണ് സി പി എമ്മും സി പി ഐയും ഇത്തവണ മത്സരിച്ചത്. എന്നാല്‍ രണ്ടു പാര്‍ട്ടികള്‍ക്കും അക്കൗണ്ട് തുറക്കാനായില്ല.തമിഴ്നാട്ടില്‍ നിലവിലുണ്ടായിരുന്ന 10 സീറ്റും ആറുശതമാനത്തിലേറേ വോട്ടും ഇത്തവണത്തെ ഫലം വന്നതോടെ നഷ്ടമായി. ഇത്തവണ 0.7% മാത്രമാണ് സിപിഎമ്മിന് ലഭിച്ച വോട്ട്. ഇതോടെ തമിഴ്നാട്ടില്‍ സംസ്ഥാന പദവിയും ഇല്ലാതാകും.
കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി ലോക്സഭയിലെ രണ്ട് ശതമാനം സീറ്റ് (11 എണ്ണം), ലോക്സഭയിലേക്കോ നിയമസഭയിലേക്കോ ഏതെങ്കിലും നാലു സംസ്ഥാനങ്ങളില്‍ എങ്കിലും കുറഞ്ഞത് ആറു ശതമാനം വീതം വോട്ട്, ഏതെങ്കിലും നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി എന്ന പദവി എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമാകാതിരിക്കാന്‍ വേണം. എന്നാല്‍ ഇതിലൊന്നുപോലും നിലവിലെ അവസ്ഥയില്‍ സിപിഎമ്മിനില്ല.
നാല് സംസ്ഥാനങ്ങളില്‍ 30ന് ഒന്ന് കണക്കില്‍ അസംബ്ലി സീറ്റുകള്‍ ജയിക്കുകയാണ് ദേശീയ പാര്‍ട്ടി പദവി ലഭിക്കാനുള്ള മറ്റൊരു വഴി. ഇപ്പോള്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമാണ് സി പി എമ്മിന് ഇതുള്ളത്.
ലോക്സഭയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി കേവലം ഒമ്പത് എംപിമാര്‍ മാത്രമാണുള്ളത്. ആറുശതമാനം വോട്ടും സംസ്ഥാന പദവും ബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളില്‍ മാത്രമാണുള്ളത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മായാവതിയുടെ ബിഎസ്പി, ശരദ് പവാറിന്റെ എന്‍സിപി, സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമായിരുന്നു.
Discussion about this post