ശ്രീനഗര്‍: കാശ്മീരി പണ്ഡിറ്റുകളെ തിരികെക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. അവരുടെ സ്വദേശത്തേക്ക് സുരക്ഷിതമായി മടങ്ങാമെന്ന് കാശ്മീരികള്‍ക്ക് തോന്നുംവരെ അവര്‍ക്കായി താമസസൗകര്യം ഒരുക്കും. കാശ്മിരിന്റെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാരുമായി നല്ലബന്ധമാണ് ആഗ്രഹിക്കുന്നത്.
കാഷ്മിരില്‍ ബിജെപിയുടെ ശക്തി കുറച്ചുകാണാനാകില്ല. കാശ്മീരിന്റെ വികസനത്തിനായാണ് തന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയിദ് ബിജെപിയുമായി സഖ്യംചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. മുഖ്യമന്ത്രി ചുമതലയേറ്റശേഷം നിയമസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് മെഹബൂബ ഇക്കാര്യം വ്യക്തമാക്കിയത്.
അക്രമങ്ങളെത്തുടര്ന്ന് ജമ്മു കാഷ്മീരില്‍നിന്ന് പലായനം ചെയ്ത കാഷ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുമെന്നും മെഹബൂബ നിയമസഭയില്‍ അറിയിച്ചു. 1989-90 കാലത്താണ് പണ്ഡിറ്റുകള്‍ താഴ്വര വിട്ടുപോയത്. ജമ്മുവും ശ്രീനഗറും സ്മാര്‍ട്ട് സിറ്റി ആക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുമെന്നും പിതാവിന്റെ ആഗ്രഹംപോലെ പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മെഹബൂബ പറഞ്ഞു.
Discussion about this post