തലശ്ശേരി: ജാതി പറഞ്ഞ് കളിയാക്കുകയും, പരിഹസിക്കുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരെ പൊറുതിമുട്ടിയ രണ്ടു പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടികളെയും കുട്ടികളുടെ രക്ഷിതാവിനെയും സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും വീടിന്റെ ജനല്‍ചില്ലുകളും വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസുകളും തകര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ എന്‍ രാജന്റെ മക്കളായ അഞ്ജുന (25), അഖില (30) എന്നിവരാണു സിപിഐഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതിയുയര്‍ന്നത്. തിരിച്ചുള്ള ആക്രമണത്തില്‍ പരുക്കേറ്റ് എന്‍ രാജനെയും (62) അഞ്ജുനയെയും അഖിലയെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിജിന് (28) തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിമാക്കൂലില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ രാജന്റെ മക്കളെ തൊട്ടടുത്തുള്ള സിപിഐഎം ഒഫീസില്‍ നിന്നും മൂന്നു നാലുപേര്‍ ജാതിപ്പേരുവിളിച്ച് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് അഞ്ജുനയും അഖിലയും പറഞ്ഞു. ഇത് ചോദ്യം ചെയ്യാന്‍ ഓഫീസില്‍ കയറിയ അഞ്ജുനയും അഖിലയും സിപിഐഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകര്‍ കസേരകൊണ്ട് അടിച്ചെന്നും രണ്ടുപേരെയും കുറെ സമയം റോഡില്‍ തടഞ്ഞുവെച്ചെന്നും ഒടുവില്‍ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ചോദ്യം ചെയ്യുക മാത്രമെ ഉണ്ടായിട്ടുള്ളൂവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും കുട്ടികള്‍ പറയുന്നു.
അതേസമയം, പെണ്‍കുട്ടികള്‍ ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതാണ് പ്രകോപനമുണ്ടാക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇതേതുടര്‍ന്നാണ് ചിലര്‍ വീട്ടിലെത്തി രാജനെ മര്‍ദ്ദിക്കുകയും വീടിന്റെ ജനല്‍ചില്ലുകളും കാറിന്റെ ഗ്ലാസുകളും തകര്‍ക്കുകയും ചെയ്തത്. അക്രമസംഭവങ്ങളില്‍ പൊലീസ് കേസെടുത്തു.
രാജന്റെ വീടിനും കാറിനും നേരെ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ രാജനെയും പെണ്മക്കളെയും വഴിനടക്കാന്‍ അനുവദിക്കാതെ നിരന്തരം ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ആക്രമിക്കുകയുമാണ് സിപിഐഎം ചെയ്യുന്നതെന്ന് ഡിസിസി അംഗം കെ ശിവദാസന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസില്‍ കയറി പണ്കുട്ടികളെക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം ആസൂത്രിതമാണെന്നു സിപിഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി വിഎം സുകുമാരന്‍ പറഞ്ഞു.
Discussion about this post