തൃശൂര്‍: പട്ടികജാതി കോളനിയില്‍ പീഡനത്തിനിരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെക്കുറിച്ചു മോശമായ റിപ്പോര്‍ട്ട് നല്കി കേസ് ഒതുക്കാന്‍ നീക്കം. ശിശുക്ഷേമ അതോറിറ്റിയാണ് തെറ്റായ വിവവരം നല്‍കിയിരിക്കുന്നത്. മോശമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള പെണ്‍കുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും കുടുംബ രാത്രിയില്‍ കറങ്ങി നടക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംഭവം ബലാത്സംഗ കുറ്റത്തിന്റെ പരിധിയില്‍ പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യാനും പൊലീസ് തയ്യാറായിട്ടില്ല.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ രേഖാമൂലമുള്ള പരാതി ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ നിലപാട്. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഐജി എസ്.ശ്രീജിത്ത് പറഞ്ഞു. റൂറല്‍ എസ്പിയായി മാറ്റം ലഭിച്ച ആര്.നിശാന്തിനി ഇനിയും ചാര്‍ജ്ജെടുത്തിട്ടില്ല. നിലവിലെ എസ്പി കാര്‍ത്തിക് അവധിയിലുമാണ്. ഈ അവസരം മുതലെടുത്ത് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. വിവരമറിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റി ഇക്കാര്യത്തില്‍ ഗൗരവമായ സമീപനം പുലര്‍ത്താത്തതുകൊണ്ടാണ് തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചവന്നതെന്നാണ് പൊലീസിന്റെ നിലപാട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റി സ്വീകരിച്ചിട്ടില്ല. മാത്രമല്ല കോളനിയില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് കോളനി നിവാസികള്‍ നല്കിയ മൊഴികളും ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റി പൊലീസിന് കൈമാറാതെ അവഗണിച്ചു.
ഇന്നലെയാണ് അതോറിറ്റിയുടെ ചില ആളുകള്‍ പോലീസിന് മുന്നില്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാദഗതികളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് പ്രതികളെ രക്ഷിക്കാനാണെന്ന് വ്യക്തമാണ്. ഇതിന് മുമ്പും ജില്ലയില്‍ സമാനമായ കേസുകളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിയുടെ ചില ഭാരവാഹികള്‍ ആരോപണവിധേയരായിട്ടുണ്ട്. സംഭവം പുറംലോകമറിഞ്ഞിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ സ്ഥലം എംഎല്‍എയായ മന്ത്രിയും തയ്യാറായിട്ടില്ല. സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച് പൂര്‍ണബോധ്യമുള്ള പഞ്ചായത്ത് അധികൃതരും മൗനം തുടരുകയാണ്.
Discussion about this post