കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള് ഇസ്ലാമിനെ ജൂണ്‍ 30 വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുവാന്‍ വ്യക്തമായ ചോദ്യം ചെയ്യലും തെളിവെടുപ്പും വേണമെന്ന പോലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പെരുമ്പാവൂര്‍ കോടതിലാണ് പ്രതിയെ ഹാജരാക്കിയത്.
ജിഷ വധക്കേസ് പ്രതി അമീര്‍ ഉള് ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്തു വിടുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അവശേഷിക്കുന്ന സാക്ഷികളുടെ തിരിച്ചറിയല്‍ പരേഡ് കൂടി കഴിഞ്ഞ ശേഷമേ പ്രതിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടൂള്ളൂവെന്നും, ഇതിനു മുന്‍പായി പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവന്നാല്‍ അത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
അമീര്‍ ഉള് ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നത് കേസിനെ ബാധിക്കുമെന്നും അതിനാല്‍ കൈവശമുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സംസ്ഥാന പോലീസ് മേധാവിയും തിങ്കളാഴ്ച മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post