ചങ്ങനാശ്ശേരി: ബി.ജെ.പിയോടുള്ള അകല്‍ച്ചയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ബജറ്റ് സമ്മേളനത്തിലെ മറുപടി പ്രസംഗം. ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവും ജനറല്‍ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തില്‍ ഉണ്ടായി. ശിവഗിരി മഠത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിക്കുന്നത് അവര്‍ ആവശ്യപ്പെടാതെയാണെന്നും അതിന് പിന്നില്‍ പ്രത്യേകലക്ഷ്യമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇത് സമുദായത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് കരുതണമെന്നില്ല. തങ്ങള്‍ സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് സന്യാസിമാര്‍ തന്നെ പറഞ്ഞിട്ടുള്ളതായി അറിയാമെന്നും അംഗങ്ങളുടെ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സമദൂര സിദ്ധാന്തം തുടരുമെന്ന് ആവര്‍ത്തിച്ച എന്‍എസ്എസ് ഇതില്‍ ബിജെപി ഉള്‍പ്പെടില്ല എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. വെള്ളാപ്പള്ളി നടേശനും, തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ബിഡിജെഎസിനോടുള്ള എതിര്‍പ്പാണ് എന്‍എസ്എസിന്റെ ബിജെപി വിരോധത്തിന് പിന്നിലെന്നും വ്യക്തമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലെങ്കിലും ബിജെപിയുടെ പരാജയം എന്‍എസ്എസ് സഹരണമില്ലായ്മ കൊണ്ടാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. വ്യക്തിപരമായി ഒ രാജഗോപാലിനോട് ഉള്ള അടുപ്പവും സ്നേഹവും നേമത്ത് ബിജെപിക്ക് അനുകൂല വോട്ടായി മാറി. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം മണ്ഡലങ്ങളില്‍ എന്‍എസ്എസ് ബിജെപിയ്ക്ക് അനുകൂലമായല്ല പ്രതികരിച്ചത് എന്നും വിലയിരുത്തലുണ്ടായിരുന്നു.
അതേസമയം നായര്‍ സര്‍വീസ് സൊസൈറ്റി സമദൂര സിദ്ധാന്തം തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇടത് മുന്നണിയോടുള്ള അനുഭാവവും, യുഡിഎഫിനെ കാര്യമായി വിമര്‍ശിക്കാതിരിക്കാനുള്ള തന്ത്രവും എന്‍എസ്എസ് ബജറ്റ് സമ്മേളനത്തിനിടെ സ്വീകരിച്ചു.
മതേതരത്വം സംരക്ഷിച്ചുകൊണ്ടുള്ള ജനാധിപത്യഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിയുമെന്നും അഴിമതി രഹിതവും അക്രമരഹിതവുമായ ഭരണത്തോടൊപ്പംതന്നെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന ആശംസയും സുകുമാരന്‍ നായരുടെ പ്രസംഗത്തിലുണ്ടായിരുന്നു. ഇടത് സര്‍ക്കാരിനോട് തികച്ചും അനുകൂലമായ നിലപാടിലേക്ക് എന്‍എസ്എസ് പോകുന്നുവെന്ന് സൂചന നല്കി പ്രസംഗം. അതേസമയം യുഡിഎഫിനെ കാര്യമായി വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതും ശ്രദ്ധേയമായി.
കഴിഞ്ഞ നാലു വര്‍ഷത്തിനകം സര്‍ക്കാരിന്റെ സഹകരണത്തോടെ മിക്ക ആവശ്യങ്ങളും നേടാന്‍ കഴിഞ്ഞു. എന്‍.എസ്.എസിന്റെ ആവശ്യപ്രകാരമാണ് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപവത്കരിച്ചത്. ഇത് അട്ടിമറിക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും എന്‍.എസ്.എസ്. ആരോപിക്കുന്നു. പ്രത്യക്ഷത്തില്‍ സമദൂരം എന്ന നിലപാട് പറയുന്നുണ്ടെങ്കില്‍ തികച്ചും രാഷ്ട്രീയമായ സമീപനങ്ങളിലേക്ക് എന്‍എസ്എസ് പോകുമെന്ന സൂചനയാണ് എന്‍എസ്എസ് നയപ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.
Discussion about this post