ഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുകൊണ്ട് യു.ജി.സിയുടേയും ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്റേയും പുതിയ വിജ്ഞാപനം. ഇതിന് വിരുദ്ധമായ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയാല്‍ അവയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീ സുരക്ഷയുടെ പേരില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് തീര്‍ത്തും വിവേചനപരമാണെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണിത്.
പുരുഷ വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്തമായ ഹോസ്റ്റല്‍ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ മാറ്റം വരുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും എതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികളുടെ പേരില്‍ വിദ്യാര്‍ത്ഥിനികളുടെ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്താന്‍ പാടില്ല. അമിതമായ നിരീക്ഷണവും സദാചാര പൊലീസിംഗും പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടാവാന്‍ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഹിന്ദു കോളേജ് മാസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു.
Discussion about this post