കൊൽക്കത്ത: പശ്ചിമ ബംഗാളിലൈ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രദേശത്ത് രക്ഷാപ്രവർത്തനം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. അപകടസ്ഥലം സന്ദർശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ അപകടത്തിൽ പരിക്കേറ്റവരെ അദ്ദേഹം നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു.
‘ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ മാത്രമാണ് ബാക്കിയുള്ളത്. ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. സംഭവവത്തിൽ റെയിൽ വേ സുരക്ഷാ കമ്മീഷ്ണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
15 പേരാണ് അപകടത്തിൽ മരിച്ചത്. 60 ഓളം പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ചരക്ക് തീവണ്ടിയും കാഞ്ചൻജംഗ എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ചരക്ക് തീവണ്ടി കാഞ്ചൻജംഗ എക്‌സ്പ്രസിന് പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സിഗ്നൽ നൽകിയതിലുള്ള പിഴവാണ് അപകടത്തിന് കാരണം ആയത് എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ 16 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. മരണ സംഖ്യയും പരിക്കു പറ്റിയവരുടെ എണ്ണവും വീണ്ടും ഉയർന്നേക്കാമെന്നാണ് സൂചന.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ന്യൂ ജൽപയ്ഗുരി സ്റ്റേഷനിലായിരുന്നു അപകടം ഉണ്ടായത്. ഇവിടെ നിന്നും സിയാൽദാ സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിനിടെ ചരക്ക് തീവണ്ടി കാഞ്ചൻജംഗ എക്‌സ്പ്രസിന് പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എക്‌സ്പ്രസ് തീവണ്ടിയുടെ മൂന്നോളം ബോഗികൾ പാളം തെറ്റി.
Discussion about this post