എറണാകുളം: ആർഎസ്എസ് പ്രാന്ത കാര്യാലയമായ എളമക്കര മാധവ നിവാസ് സന്ദർശിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ബിജെപി പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ എത്തിയത്. കേശവ ബലിറാം ഹെഡ്ഗാവാറിന്റെ പ്രതിമയിൽ പൂമാല അണിയിച്ച് അദ്ദേഹം പുഷ്പാർച്ഛനയും നടത്തി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്.
ഉച്ചയോടെയായിരുന്നു ജോർജ് കുര്യന്റെ കാര്യാലയ സന്ദർശനം. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കഴിഞ്ഞ ദിവസം ആണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. ഇന്ന് രാവിലെ ജോർജ് കുര്യന് പാല അരുണാപുരം ശ്രീരാമകൃഷ്ണ മഠം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ എത്തിയത്.
1982-84 കാലയളവിൽ പാലാ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്ത് രാമകൃഷ്ണാശ്രമത്തിലെ ഹോസ്റ്റലിലെ അന്തവാസിയായിരുന്നു ജോർജ് കുര്യൻ. മന്ത്രിപദവി ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഇവിടെയും എത്തുന്നത്. സന്യാസിമാരുടെ അറിവും അനുഭവവും ഭാരത്തിന്റെ മഹത്തായ പാരമ്പര്യം എത്ര വലുതാണെന്ന് അറിയാൻ ആശ്രമ ജീവിതമാണ് തന്നെ സഹായിച്ചത് എന്ന് ജോർജ് കുര്യൻ പ്രതികരിച്ചു.












