സാന്‍ഫ്രാന്‍സിസ്കോ: തുടര്‍ച്ചയായി ഇന്ത്യാവിരുദ്ധ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയ്യിദിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു. ‘ഹാഫിസ്സയ്യിദ്ലൈവ്’ എന്ന അക്കൗണ്ടാണ് താത്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ പിന്തുണച്ചുള്ളതായിരുന്നു സയ്യിദിന്റെ ട്വീറ്റുകള്‍.
കശ്മീരിലെ പ്രക്ഷോഭങ്ങള്‍ പാകിസ്താന് തീവ്രമാക്കുമെന്ന് ഹാഫിസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് പാകിസ്താന്റെ പിന്തുണ കൂടിയാകുമ്പോള്‍ കശ്മീര്‍ പാകിസ്താന്റേതാകുമെന്നും ഹാഫിസ് കുറിച്ചു.
കശ്മീരില്‍ പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ ജീവദാനം പാഴായിപ്പോകില്ലെന്ന് ട്വീറ്റിലൂടെ ഹാഫിസ് സയ്യിദ് അഭിപ്രായപ്പെട്ടിരുന്നു. കശ്മീരിലെ എല്ലാ ഗ്രൂപ്പുകളും ഇപ്പോള്‍ ഒന്നാണെന്നും ഹുറിയത്തിന്റെ എല്ലാ സംഘടനകളും ഇപ്പോള്‍ യോജിച്ചിരിക്കുന്നെന്നും ട്വീറ്റില്‍ സയ്യിദ് പറഞ്ഞു.
പാകിസ്താനിലെ ജനങ്ങള്‍ കശ്മീരികളെ പിന്തുണയ്ക്കണമെന്ന് മറ്റൊരു ട്വീറ്റില്‍ ഹാഫിസ് ആവശ്യപ്പെട്ടു. അവരുടെ വിയര്‍പ്പും രക്തവും നമ്മുടേതും കൂടിയാണ്. അവരുടെ ചിന്താധാരയും നമ്മുടേതിന് സമാനമാണ്. അതിനാല്‍ പാകിസ്താനികള്‍ തീര്‍ച്ചയായും കശശ്മീരി സഹോദരങ്ങളെ പിന്തുണയ്ക്കണം. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കശ്മീരില്‍ കഴിഞ്ഞ ആറ് ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങളില്‍ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 37 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post