ജിഎസ്ടി ബില്‍ പാസാക്കുന്നത് ഉള്‍പ്പടെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചക്ക് എത്തുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും. ആഗസ്റ്റ് 12 വരെ സമ്മേശനം നീളുക. സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ സുമിത്രാ മഹാജന് വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. സഭാ നടപടികള്‍ തടസ്സപ്പെടാതെ കൊണ്ടുപോകുന്നതിന് സഹകരണം തേടിയാണ് സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. എന്നാല്‍, മുന്‍ സെഷനുകളെപ്പോലെ പാര്‍ലമെന്റില്‍ ഇക്കുറിയും ബഹളത്തിനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്.
ജിഎസ്ടി സംബന്ധിച്ച് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സര്‍ക്കാര്‍ ആദ്യവട്ട ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പ് ആയിട്ടില്ല. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഭേദഗതി സര്‍ക്കാര്‍ എത്രത്തോളം അംഗീകരിക്കാന്‍ തയാറാകുന്നുവെന്നതിനെ ആശ്രയിച്ചാണ് ജി.എസ്.ടിയുടെ ഭാവി.
അതേസമയം, കശ്മീര്‍, അരുണാചല്‍, ഉത്തരാഖണ്ഡ് വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കും. കശ്മീരില്‍ സംഘര്‍ഷം ആളിക്കത്തുമ്പോള്‍ മോദി സര്‍ക്കാറിന്റെ തന്ത്രം പിഴച്ചുവെന്നും പാകിസ്താന് മുതലെടുപ്പിന് അവസരം നല്കിയെന്നുമുള്ള വിമര്‍ശമാണ് പ്രതിപക്ഷം ഉന്നയിക്കുക. കേരളത്തിലെ എംപിമാരുടെ യോഗംമുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വിളിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഭീഷണിയാകുംവിധം കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള എം.പിമാര്‍ രംഗത്തുവരുമെന്നാണ് സൂചന.
Discussion about this post