ഡല്‍ഹി: തുര്‍ക്കി പട്ടാള അട്ടിമറിക്ക് പിന്നിലെ ആത്മീയ നേതാവ് ഫത്ലുല്ല ഗുലാന്റെ കേരളത്തിലേത് ഉള്‍പ്പടെയുള്ള ആത്മീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി.
പത്ത് വര്‍ഷം മുമ്പ് രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ സംഘം കേരളത്തിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇപ്പോഴത്തെ തിരിച്ചടി. തുര്‍ക്കിയില്‍ നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തില്‍ ഈ ആത്മീയ സംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്
പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം ഗുലന് പ്രസ്ഥാനത്തിന്റെ നിരവധി സംരംഭങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്.ഹിസ്മത് മൂവ്മെന്റ് എന്നും അറിയപ്പെടുന്ന ഗുലന് മൂവ്മെന്റ് പ്രധാനമായും ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
ഡല്‍ഹിയിലും ഹൈദരാബാദിലും, ഡസന്‍കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ‘ഗുലന് മൂവ്മെന്റി’നുണ്ട്. അത്യാധുനിക ആഡംബര സൗകര്യങ്ങളോടുകൂടിയ സ്കൂളുകള്‍, പ്രഫഷനല്‍ കോഴ്സുകള്‍ക്കുള്ള കോച്ചിങ് സെന്ററുകള്‍, വിദ്യാര്‍ഥി ഹോസ്റ്റലുകള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള വീടുകള്‍ തുടങ്ങിയവയാണ് പ്രധാന സംരംഭങ്ങള്‍. ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് ആകര്‍ഷകമായ സ്കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. രാജ്യത്തുനിന്ന് നിരവധി നേതാക്കളെയും പണ്ഡിതരെയും വിദ്യാര്‍ഥികളെയും തുര്‍ക്കിയിലെ തങ്ങളുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും പ്രസ്ഥാനം കൊണ്ടുപോകാറുണ്ട്. കച്ചവടവും വ്യവസായവും വഴി സാമ്പത്തിക അടിത്തറ ഭദ്രമാക്കിയാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നത്. തങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുകയും സ്കോളര്‍ഷിപ്പുകള്‍ നേടുകയും ചെയ്യുന്നവരെ ഫത്ഹുല്ല ആത്മീയ പാതയില്‍ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക പാഠ്യപദ്ധതിയും സംഘത്തിനുണ്ട്. ‘ദര്‍സ് ഹാനെ’ എന്നാണ് ഇത്തരം സ്ഥാപനങ്ങളില്‍ നടത്തുന്ന ആത്മീയ പഠനക്ളാസുകള്‍ അറിയപ്പെടുന്നത്. പഠനം പൂര്‍ത്തിയാക്കിയ മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ഗുലന് പ്രസ്ഥാനത്തിന്റെ നിരവധി സംരംഭങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി മതസംഘടനകളുമായും മത, രാഷ്ട്രീയ നേതാക്കളുമായും ഗുലന് മൂവ്മെന്റുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സംഘടന നടത്തിയിരുന്ന തുര്‍ക്കിയിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ‘സമാനും’ വാര്‍ത്താ ഏജന്‍സിയായ ‘സിഹാനും’ ഉര്ദുഗാന് ഏറ്റെടുത്തതോടെ ഡല്‍ഹിയിലെ രണ്ടിന്റെയും ഓഫിസുകളും അടച്ചുപൂട്ടിയിരുന്നു. സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും മറ്റ് സ്കോളര്‍ഷിപ് പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളും ഇമന്ദഗതിയിലായി. ഇതിനിടയിലാണ് തുര്‍ക്കിയിലെ വിഫലമായ അട്ടിമറിയും ഗൂലന്‍ പ്രസ്ഥാനത്തിനെതിരായ ഉര്‍ദുഗാന്റെ പ്രഖ്യാപനവും പുറത്ത് വരുന്നത്. അമേരിക്കയിലുള്ള ഗുലനെ വിട്ടുകിട്ടണമെന്ന നിലപാടാണ് തുര്‍ക്കി മുന്നോട്ട് വച്ചിരിക്കുന്നത്.
Discussion about this post