ബെയ്റൂട്ട്: ജര്‍മ്മനിയില്‍ കഴിഞ്ഞ ദിവസം ട്രെയിനില്‍ ആളുകളെ വെട്ടിപരുക്കേല്‍പ്പിച്ച കൗമാരക്കാരന്റെ വീഡിയോ ഐഎസ് പുറത്തുവിട്ടു. ആക്രമണത്തിന് മുമ്പ് ഭീഷണി മുഴക്കുന്ന കൗമാരക്കാരന്റൈ വീഡിയോയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പുറത്തുവിട്ടത്. ‘അവിശ്വാസികളുടെ’ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്നാണ് 17 വയസുകാരനായ അഫ്ഗാന് അഭയാര്‍ത്ഥി ബാലന് മുഹമ്മദ് റിയാദ് ആക്രോശിക്കുന്നത്.
ഐഎസിന്റെ വാര്‍ത്ത ഏജന്‍സിയെന്ന് അറിയപ്പെടുന്ന അമഖ് ന്യൂസ് ഏജന്‍സിയാണ് 17 വയസുകാരനായ അഫ്ഗാന് അഭയാര്‍ത്ഥി ബാലന്റെ ആക്രമണത്തിന് മുമ്പുള്ള ഭീഷണി വീഡിയോ പുറത്തുവിട്ടത്. രണ്ട് മിനിറ്റ് 20 സെക്കന്റ് വീഡിയോയില്‍ 17 വയസുകാരന് ഇസ്ലാമിക് സ്റ്റേറ്റിന് എതിരായവര്‍ക്കെതിരെ ഭീഷണി മുഴക്കുന്നു. കൈയ്യില്‍ കത്തിയുമായി പാഷ്ടോ(അഫ്ഗാനി) ഭാഷയിലാണ് മുഹമ്മദ് റിയാദ് ഭീഷണി മുഴക്കുന്നത്. ജര്‍മ്മനിയില്‍ ആക്രമണം നടത്തുമെന്നും എല്ലാ ‘അവിശ്വാസി’കളുടെ രാജ്യങ്ങളും കരുതി ഇരുന്നോളാനുമാണ് വീഡിയോയില്‍ കൗമാരക്കാരന് പറയുന്നത്. ‘ഖിലാഫത്തിലെ പോരാളി’യെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഹോങ്കോങില്‍ നിന്നുള്ള 4 വിനോദസഞ്ചാരികളെ ട്രെയിനിനുള്ളില്‍ മാരകമായി വെട്ടി പരുക്കേല്‍പ്പിച്ച അഭയാര്‍ത്ഥി യുവാവ് ഇസ്ലാമിക് സ്റ്റേറ്റിന്റെ യോദ്ധാവാണെന്ന് നേരത്തെ തന്നെ അമഖ് പ്രസ്താവന ഇറക്കിയിരുന്നു. ഇത് തെളിയിക്കാനായാണ് ആക്രമണത്തിന് മുമ്പുള്ള വീഡിയോ പുറത്തുവിട്ടത്. കോടാലിയും കത്തിയും ഉപയോഗിച്ചായിരുന്നു ഐഎസ് ഭീകരന് ട്രെയിനില്‍ ആക്രമണം അഴിച്ചുവിട്ടത്.
ദക്ഷിണ ജര്‍മ്മനിയിലെ ബവേരിയയിലുള്ള ലോക്കല്‍ ട്രെയിനിലാണ് ആക്രമണം നടത്തിയത്. ജര്‍മ്മനിയില്‍ ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്ത ആദ്യ ആക്രമണമായിരുന്നു ഇത്. നാല് പേരെ മാരകമായി പരുക്കേല്‍പ്പിച്ച അക്രമിയെ ജര്‍മ്മന്‍ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഐഎസ് കൊടിയും മറ്റും അഭയാര്‍ത്ഥിയുടെ കൈയ്യില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
Discussion about this post