കൊച്ചി: മലയാളികള്‍ അടക്കമുള്ളവരെ ഐഎസില്‍ ചേര്‍ത്ത കേസില്‍ മുംബൈയില്‍ വെച്ച് പിടിയിലായ ആര്‍സി ഖുറേഷി, റിസ് വാന്‍ ഖാന്‍ എന്നിവരെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഇടപ്പള്ളി കുന്നുംപുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്റട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇരുവരേയും ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നിന്നും കേരളത്തില്‍ എത്തിച്ചത്. കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ക്കായി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് റിസ്വാന്‍ പിടിയിലായത്. കേരളാ പൊലീസും മഹാരാഷ്ട്ര എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഇയാള്‍ താനെയില്‍ പിടിയിലായത്. ഇയാള്‍ക്ക് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്നാണ് സൂചന. നേരത്തെ ഈ മാസം 21 ന് മതപണ്ഡിതനും ഇസ്‌ലാമിക് പീസ് ഫൗണ്ടേഷന്‍ അധ്യാപകനുമായ ഖുറേഷിയും മുംബൈയില്‍ അറസ്റ്റിലായിരുന്നു. മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ യുഎപിഎ ചുമത്തിയ ആദ്യ അറസ്റ്റായിരുന്നു ഖുറേഷിയുടേത്.
തമ്മനം സ്വദേശി മെറിന്‍ എന്ന മറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മെറിന്റെ സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖുറേഷി പിടിയിലായത്. 2014 ല്‍ മെറിന്റെ ഭര്‍ത്താവ് യഹിയയും ഖുറേഷിയും ചേര്‍ന്ന് എബിനെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. കൊച്ചി സ്വദേശിയായ മെറിന്‍ മതം മാറി മറിയം എന്ന പേര് സ്വീകരിക്കുകയും പാലക്കാട് സ്വദേശി യഹിയയെ വിവാഹം കഴിക്കുകയുമായിരുന്നു.
Discussion about this post