തിരുവനന്തപുരം: ഭൂമികൈമാറ്റ രജിസ്ട്രേഷനുകളുടെ നിരക്ക് കുത്തന വര്‍ധിപ്പിച്ചതോടെ പിതൃസ്വത്ത് അനുഭവിക്കണമെങ്കില്‍ പീഡനമേല്‍ക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. രജിസ്ട്രേഷന് നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിച്ച ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ നടപടി പാളിപ്പോയി.
സര്‍ക്കാരിന് പണം കണ്ടെത്താന്‍ ഈ മേഖലയെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്നും വി.എം സുധീരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങളില്‍ സമാന്യം നല്ല അറിവുണ്ട് എന്ന് ധരിക്കുന്ന തോമസ് ഐസക്കിന് പറ്റിയ വലിയ പിഴവാണ് ഈ നടപടി. ഇതിന് യാതൊരു ന്യായീകരണവുമില്ല. രജിസ്ട്രേഷനുമായി ബന്ധപ്പെട്ടിട്ട് ഏതെങ്കിലും തരത്തിലുള്ള നാമമാത്ര ഇളവുകള്‍ നല്കി ജനങ്ങളെ ദുരതത്തിലാക്കാന് അനുവദിക്കില്ല.
രജിസ്ട്രേഷന് സുഖമമാക്കിയിരുന്ന യു.ഡി.എഫ് ഭരണകാലത്തെ അവസ്ഥയിലേക്ക് തിരിച്ച് പോവാന്‍ തോമസ് ഐസക്ക് തയ്യാറാവണം. ഇതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നം സുധീരന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത് വിവാദ തീരുമാനങ്ങളിലെ അവസാന അദ്ധ്യായമാണ്. സി.പി.എം പോലുള്ള രാഷ്ട്രീയ പാര്‍ട്ടി സ്വീകരിച്ച് പോരുന്ന സാമ്പത്തിക നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളാണ് ഗീത ഗോപിനാഥ്. ഇവരെ എങ്ങനെ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചുവെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും സുധീരന് പറഞ്ഞു.
സബ്സിഡി വെട്ടിക്കുറയ്ക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തല്‍, കോര്‍പ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കല്‍, നരേന്ദ്രമോദിയുടെ ഭൂമിയേറ്റെടുക്കലിനെ പിന്തുണയ്ക്കല് എന്നിവയെല്ലാമാണ് ഗീത ഗോപിനാഥിനെ കുറിച്ച് എല്ലാവര്ക്കും അറിയാവുന്ന വസ്തുത. ഇങ്ങനെയൊരാളെ പിണറായി വിജയന് സാമ്പത്തിക ഉപദേഷ്ടായി വെച്ചതില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ വിശദീകരണം അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post