തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്.ശ്രീലേഖയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിമോദിനെതിരെ നടപടി സ്വീകരിച്ചത്. ഇയാള്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കോടതി വളപ്പില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞ വിമോദിന്റെ നടപടി അധികാര പരിധി വിട്ടുള്ള പ്രവര്‍ത്തനമാണെന്ന് ശ്രീലേഖ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
രാവിലെ സംഭവം ഉണ്ടായതിന് പിന്നാലെ വിമോദിനെ സ്റ്റേഷന് ചുമതലകളില്‍ നിന്ന് മാറ്റി നിറുത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് മൂന്നു മണിയോടെ, തങ്ങളുടെ ഒ.ബി വാന്‍ തിരികെ എടുക്കാന്‍ ചെന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ബ്യൂറോ ചീഫ് അടങ്ങുന്ന സംഘത്തെ വിമോദ് ബലം പ്രയോഗിച്ച് സ്റ്റേഷനില്‍ പൂട്ടിയിടുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇതുംകൂടി കണക്കിലെടുത്താണ് വിമോദിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സ്റ്റേഷന് ചുമതല ഇല്ലാതിരുന്നിട്ടും മാദ്ധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത എസ്.ഐയുടെ നടപടി ഗുരുതര അച്ചടക്ക ലംഘനമാണെന്നും ശ്രീലേഖ അനുബന്ധമായി നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് വിമോദിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഡി.ജ.പി ഉത്തരവിട്ടത്.
ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകരെ കോടതിയിലേക്ക് കടക്കുന്നത് തടഞ്ഞത് എന്നായിരുന്നു വിമോദിന്റെ നിലപാട്. മാത്രമല്ല, വിമോദ് മാദ്ധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തിരുന്നു.
Discussion about this post