ഡല്‍ഹി: തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇന്ത്യയില്‍ വേരുകളുണ്ടെന്ന് മുന്നറിയിപ്പ്. പ്രസിഡന്റ് തയിബ് എര്‍ദോഗനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഫെത്തുള്ള ടെറര്‍ ഓര്‍ഗനൈസേഷനാണ് എന്നാണ് തുര്‍ക്കി സര്‍ക്കാരിന്റെ ആരോപണം. ഇവര്‍ക്ക് മുംബൈ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക സംരംഭങ്ങളുമുണ്ടെന്നും ഇന്ത്യയില്‍ ആഭ്യന്തര കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിച്ചേക്കുമെന്നും ടര്‍ക്കിഷ് കൗണ്‍സല്‍ ജനറല്‍ എര്‍ദല്‍ സബരി എര്‍ഗന്‍ മുന്നറിയിപ്പ് നല്കുന്നു.
അമേരിക്കയില്‍ താമസിക്കുന്ന ഫെത്തുള്ള ഗുലെന്റെ അനുയായികളാണ് ഫെത്തുള്ള ടെറര്‍ ഓര്‍ഗനൈസേഷനില്‍ ഉള്ളതെന്നാണ് തുര്‍ക്കി സര്‍ക്കാര്‍ പറയുന്നത്. ഇവര്‍ക്ക് ഇന്ത്യയുള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ ശൃംഗലകളുണ്ട് എന്നും സബരി എര്‍ഗന്‍ പറയുന്നു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂലായ് 15 നാണ് തുര്‍ക്കിയില്‍ ഒരുവിഭാഗം സൈനികര്‍ അട്ടിമറി നീക്കം നടത്തിയത്.
എന്നാല്‍ ജനങ്ങളെ നിരത്തിലിറക്കി തുര്‍ക്കി സര്‍ക്കാര്‍ പട്ടാള അട്ടിമറിയെ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. അട്ടിമറി ശ്രമത്തിനിടെ 300 പേരാണ് കൊല്ലപ്പെട്ടത്. 2,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 2,800 സൈനികര്‍ ഉള്‍പ്പടെ 6000 ആളുകള്‍ ഇപ്പോള്‍ തടവിലാണ്.
Discussion about this post