തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയുടെ മുന്നില്‍ വാതിലുകള്‍ യു.ഡി.എഫ് അടച്ചിട്ടില്ലെന്ന സൂചനയുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. മാണി തെറ്റ് തുറന്ന് സമ്മതിച്ചാല്‍ യു.ഡി.എഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മാണിയോട് വിരോധമില്ലെന്ന സൂചന സുധീരന്‍ നല്‍കിയത്.
യു.ഡി.എഫ് വിടാനുള്ള തീരുമാനം തെറ്റാണെന്ന് മാണിക്ക് താമസിയാതെ ബോദ്ധ്യപ്പെടും. സംഭവിച്ച പാളിച്ച അവര്‍ക്ക് തിരുത്തേണ്ടിയും വരും. യു.ഡി.എഫില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒന്നിച്ചാണ്. എടുക്കുന്ന തീരുമാനങ്ങളുമായി യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോവും സുധീരന്‍ വ്യക്തമാക്കി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാണിഗ്രൂപ്പിന്റെ ഓഫീസിനു നേരെ ആക്രമണം ഉണ്ടായതായി മാദ്ധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. അക്രമത്തെ കോണ്‍ഗ്രസ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. തികച്ചും അപലപനീയമാണത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ യാതൊരു നടപടികളിലേക്കും തിരിയരുതെന്നും സുധീരന്‍ നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരായ സമരത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത് മുദ്രപ്പത്രങ്ങളുടെ വില ഉയര്‍ത്തിയതില്‍ ഇളവ് നല്‍കിയാല്‍ പോര. നികുതി നിര്‍ദ്ദേശം പൂര്‍ണമായി പിന്‍വലിച്ച് ജനങ്ങള്‍ക്ക് മേലുള്ള അധികഭാരം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുധീരന്‍ പറഞ്ഞു.
Discussion about this post