ഡിവൈഎഫ്‌ഐ സംസ്ഥാന വനിത നേതാവിനായി ഇടപെട്ട പാര്‍ട്ടി ഗുണ്ടകളുടെ ആക്രമണത്തില്‍ ഭയചകിതരായ പോലിസ് സ്‌റ്റേഷനില്‍ മണിക്കൂറുകളോളം തങ്ങേണ്ടി വന്ന മൂന്ന് ചെറിയ കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ അനുഭവം പങ്കുവെച്ച് ദൃകസാക്ഷിയായ മാധ്യമപവര്‍ത്തകന്റെ കുറിപ്പ്. മുവാറ്റുപുഴ സ്റ്റേഷനില്‍ കേരള പോലിസിന്റെ പാര്‍ട്ടി രാജിന് ഇടയായ കുടുംബത്തിന്റെ അനുഭവം മംഗളം പത്രത്തില്‍ രാജേഷ് മുതുകുളമാണ് പങ്കുവെക്കുന്നത്. ബസില്‍ സീറ്റിനെ ചൊല്ലി ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് അഡ്വക്കറ്റ് വിപി റെജീനയുമായി ഉണ്ടായ തര്‍ക്കം പോലിസില്‍ എത്തിയതോടെ സ്വഭാവം മാറുകയായിരുന്നു. തര്‍ക്കത്തില്‍ സഹയാത്രികര്‍ സംസ്ഥാന വനിത നേതാവിനോട് എതിരായിരുന്നെങ്കിലും ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ എത്തിയതോടെ കഥ മാറുകയായിരുന്നു.
പതിനഞ്ച് വയസില്‍ താഴെയുള്ള മൂന്നു കുഞ്ഞുങ്ങള്‍ പേടിയോടെ പോലീസ് സ്‌റ്റേഷനില്‍ ഇരുന്നു കരയുന്ന ദൃശ്യം ഒരാള്‍ക്ക് എങ്ങനെ മറക്കാനാകും? അത്തരമൊരു ദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്ന ഞെട്ടലിലാണ് ഈ കുറിപ്പ് എഴുതുന്നത്. എന്ന മുഖവുരയോടെയാണ് ലേഖകന്‍ അനുഭവം വിവരിക്കുന്നത്.
”തൃശൂരില്‍നിന്ന് എരുമേലിക്കുള്ള ബസ് ഉച്ചയ്ക്കുശേഷം പുറപ്പെടുമ്പോള്‍ തന്നെ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. അങ്കമാലി കഴിഞ്ഞതോടെ നില്‍ക്കാന്‍പോലും ബുദ്ധിമുട്ടായി. പെരുമ്പാവൂര്‍ കഴിഞ്ഞതോടെയാണ് ബസിന്റെ മധ്യഭാഗത്തുനിന്നു കശപിശ ഉയര്‍ന്നത്. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള സീറ്റില്‍ മൂന്നു കുട്ടികളോടൊപ്പം ഇരിക്കുകയായിരുന്ന ഗൃഹനാഥനോട് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ മുപ്പത്തിയഞ്ചു വയസ് തോന്നിക്കുന്ന സ്ത്രീ ആവശ്യപ്പെട്ടു.
മറ്റൊരു സീറ്റില്‍ ഇരിക്കുകയായിരുന്ന ഭാര്യയെ കുട്ടികളുടെ അടുത്ത് ഇരുത്തിയശേഷം ഗൃഹനാഥന്‍ എഴുന്നേറ്റു. ഇതോടെ പ്രകോപിതയായ സ്ത്രീ, ഭാര്യയുടെയും മക്കളുടെയും മുന്നില്‍ അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് ആക്രോശിച്ചു. ഭീഷണി സ്വരത്തില്‍ പലതും വിളിച്ചുകൂവി. ഇതോടെയാണ് യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സ്ത്രീയുടെ പിടിയില്‍നിന്ന് അയാളെ രക്ഷിക്കാന്‍ ഭാര്യ ശ്രമിച്ചതോടെ കൈയാങ്കളിയായി. സ്ത്രീകള്‍ പരസ്പരം തല്ലുകൂടി. ഒച്ചപ്പാടു കൂടിയതോടെ യാത്രക്കാരും കണ്ടക്ടറും ഇടപെട്ടു. കണ്ടക്ടറോടും സ്ത്രീ ഒച്ചവച്ചു. ഇതോടെ സ്ത്രീയെ വഴിയില്‍ ഇറക്കിവിടണമെന്ന ആവശ്യവും ബസില്‍ ഉയര്‍ന്നു. പിന്നീടു കുറച്ചുനേരത്തേക്കു ബഹളമൊന്നും ഉണ്ടായില്ല. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട പ്രശ്‌നമായതുകൊണ്ടു പുലിവാലു പിടിക്കേണ്ടന്നു കരുതി പോലീസിനെ അറിയിച്ചേക്കാമെന്ന കണ്ടക്ടറുടെ തീരുമാനമാണു പിന്നീടു വഴിത്തിരിവായത്. മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിലെത്തി കണ്ടക്ടര്‍ കാര്യം പറഞ്ഞു. ഇതിനിടെ ബസില്‍നിന്നു കരഞ്ഞു ബഹളമുണ്ടാക്കി സ്ത്രീയും പുറത്തിറങ്ങി. ബസ് സ്റ്റാന്‍ഡിന്റെ തിണ്ണയില്‍ കുഴഞ്ഞിരുന്ന സ്ത്രീയെ സഹായിക്കാന്‍ ഏതാനും പേര്‍ ചുറ്റുംകൂടി. സ്ത്രീയുടേതു നാട്യമാണെന്ന രീതിയില്‍ ബസില്‍നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ പോലീസ് ഇടപെട്ടു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അഞ്ചംഗ കുടുംബത്തെയും ബസില്‍നിന്ന് ഇറക്കി. ആളു കൂടിയതോടെ രണ്ടു കുട്ടരേയും സ്‌റ്റേഷനിലേക്കു കൊണ്ടുപോകാനായി പോലീസ് ജീപ്പിനുള്ളില്‍ കയറ്റി. അപ്പോഴാണ് ഏതാനുംപേര്‍ സംഘമായി ഇരച്ചെത്തിയത്.
അതോടെ സംഘര്‍ഷമായി. അതുവരെ സജീവമായിരുന്ന പോലീസ് കാഴ്ചക്കാരായി മാറി. ‘ഞങ്ങളുടെ സഖാവിനെ പോലീസ് ജീപ്പില്‍ കൊണ്ടുപോകാന്‍ സമ്മതിക്കില്ല’ എന്ന് ആക്രോശിച്ച് ഒരാള്‍ പോലീസിന്റെ കൈ തട്ടിമാറ്റി ബലമായി സ്ത്രീയെ പോലീസ് ജീപ്പില്‍നിന്ന് ഇറക്കി. നിങ്ങള്‍ ഇതെന്താണു ചെയ്ുന്നത്‌യ എന്നു ചോദിച്ച യാത്രക്കാരനെ ചിലര്‍ മര്‍ദിച്ചു.
ഗൃഹനാഥന്റെ നാഭിക്കു തൊഴിച്ചു. ഗുണ്ടകളെപ്പോലെ ചിലര്‍ എത്തിയപ്പോഴാണു ബഹളം ഉണ്ടാക്കിയ സ്ത്രീ ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാവ് അഡ്വ. കെ.പി. റെജീനയാണെന്നു പലരും അറിയുന്നത്. കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിച്ച യാത്രക്കാരെ ഒന്നടങ്കം ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി. അതോടെ സംഭവത്തിനു ദൃക്‌സാക്ഷികളാണെന്നു സമ്മതിക്കാന്‍പോലും പോലീസിനു മുന്നില്‍ ആരും തയാറായില്ല. തൃശൂര്‍ മരോട്ടിക്കല്‍ കട്ടിലപൂവം തേവര്‍കുന്നേല്‍ ടി.കെ. അനില്‍കുമാര്‍(39), ഭാര്യ സുഷമ (34), മക്കളായ അശ്വിന്‍ (15), അഞ്ജു (13), അമല്‍ (11) എന്നിവരായിരുന്നു ബസിലുണ്ടായിരുന്ന കുടുംബം. ഇവര്‍ എരുമേലിയിലെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു.”
…പാര്‍ട്ടിക്കാര്‍ ഇടപെട്ടതോടെയാണ് രമ്യമായി പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നം കുഴഞ്ഞതെന്ന് ഇതിനിടെ പോലീസിനോടു സൂചിപ്പിച്ചു. കാര്യങ്ങള്‍ വ്യക്തമായെന്നും ഇനി പാര്‍ട്ടിക്കാര്‍ പറയുന്നത് അനുസരിച്ചു മുകളില്‍നിന്നു ഞങ്ങളെ അറിയിക്കുമെന്നും അത് അനുസരിക്കുകയേ നിവൃത്തിയുള്ളു എന്നും പോലീസ് നിസഹായത പ്രകടിപ്പിച്ചു. കുടുംബത്തിനും പാര്‍ട്ടി ബന്ധമുണ്ടെന്ന സൂചന പോലീസിനു നല്‍കി. ‘അവരും വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചോട്ടെ. എന്നിട്ട് തീരുമാനം അറിയിച്ചാല്‍ മതി’ എന്നതായിരുന്നു പോലീസുകാരുടെ ഭാവം. തങ്ങളുടെ നിസഹായത പോലീസുകാര്‍ വ്യക്തമാക്കി.
എകദേശം ഒരു മണിക്കൂറിനുശേഷം, ആറരയോടെ, ഏതാനും പേര്‍ക്ക് ഒപ്പം കാറില്‍ റെജീന പോലീസ് സ്‌റ്റേഷനില്‍ എത്തി. നേരേ സി.ഐയുടെ മുറിയിലേക്കു കയറി. രണ്ടു മണിക്കൂറോളം റെജീനയും സംഘവും സി.ഐയുമായി ചര്‍ച്ച നടത്തി. പിന്നീടു യുവാവിനെതിരേ മാനഭംഗത്തിനു കേസ് എടുത്തതായി പോലീസ് കുടുംബത്തെ അറിയിച്ചു. തളര്‍ന്നിരിക്കാനേ കുടുംബത്തിനു കഴിയുമായിരുന്നുള്ളു. എന്താണു സംഭവിച്ചത് എന്നു കുടുംബത്തോട് ആരും ചോദിച്ചില്ല. എരുമേലിയില്‍നിന്നു വീട്ടുകാരെത്തി സുഷമയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകുമ്പോള്‍ പാതിരാത്രി കഴിഞ്ഞു. അനുഭവിച്ച പേടിയും വേദനയും ആ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്ണില്‍ തുളുമ്പിനിന്നു. റാന്നി തുലാപ്പള്ളി സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ അരവിന്ദാക്ഷന്റെ മകളും മരുമകനുമാണു കേസില്‍പ്പെട്ടത്. ഈക്കാര്യം പോലീസോ മൂവാറ്റുപുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകരോ അറിഞ്ഞില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് അനിലിനു ജാമ്യം ലഭിച്ചത്’.
തനിക്കു നേരിടേണ്ടിവന്ന അവസ്ഥയില്‍ പ്രതിഷേധിച്ചു തന്റെ ബന്ധുകള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ പാര്‍ട്ടി ഉപേക്ഷിക്കുകയാണെന്ന് ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അനില്‍ പറഞ്#ുവെന്നും മംഗളം ലേഖകന്‍ എഴുതുന്നു.
സാധാരണ യാത്രക്കാര്‍ക്കു മുന്നില്‍ പുലിപോലെ നിന്ന പോലീസ് പാര്‍ട്ടിക്കാര്‍ക്കു മുന്നില്‍ പൂച്ചക്കുട്ടിയായി. പിന്നെ നിയമവും നീതിയും വകുപ്പുമെല്ലാം അവര്‍ തീരുമാനിച്ചു. പാര്‍ട്ടിക്കാര്‍ ഒത്തുതീര്‍പ്പ് നടത്തിയിരുന്നെങ്കില്‍ വിവാദവും അവിടെ തീര്‍ന്നേനെ. സഖാക്കളുടെ ഭരണമാണ് നാട്ടില്‍ എന്നത് പ്രതിപക്ഷ വിമര്‍ശനം മാത്രമല്ലെന്നു സി.പി.എം. അനുഭാവികള്‍ പോലും നിരാശയോടെ പരസ്പരം പറയുന്നതു കേട്ടു.
വാദിയെ പ്രതിയാക്കുന്ന ‘പാര്‍ട്ടി രാജ്’ പിണറായി സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ല. അനിലിന്റെ, ബാല്യം വിടാത്ത കുട്ടികളെ ഈ അനുഭവം എന്താകും പഠിപ്പിക്കുക? പേടിയോടെയാകും അവര്‍ ഇപ്പോള്‍ സമൂഹത്തെ കാണുക. -എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.
മുവാറ്റപുഴയില്‍ രാത്രിയില്‍ കുടുംബത്തെ തടഞ്ഞുവച്ച സംഭവത്തില്‍ നാട്ടികാരില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സോഷ്യല്‍ മീഡിയ പക്ഷേ വിഷയം വേണ്ട വിധം ഏറ്റെടുത്തിട്ടില്ല. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മുവാറ്റുപുഴയില്‍ പോലിസ് രാജിനും ഡിവൈഎഫ്‌ഐ ഗുണ്ടായിസത്തിനും എതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Discussion about this post