ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയക്ക് രണ്ടു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ അനുമതി. ബംഗളൂരു എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി ശിവണ്ണയാണ് പ്രത്യേക അനുമതി നല്‍കിയത്. വ്യാഴാഴ്ച നടക്കുന്ന സഹോദരന്‍ മുഹമ്മദ് ശരീഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അനുമതി.
എന്നാല്‍, വീട്ടിലും വിവാഹ ഹാളിലും പോകാന്‍ മാത്രമേ അനുമതിയുള്ളൂ. നാട്ടില്‍ പോകാനുള്ള ചെലവ് സ്വയം വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബുധനാഴ്ച വൈകീട്ട് ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പ്രത്യേക വാഹനത്തില്‍ നാട്ടിലേക്ക് പുറപ്പെടും. വെള്ളിയാഴ്ച വൈകീട്ട് നാട്ടില്‍ നിന്ന് തിരിക്കും.
2008 ജൂലൈ 25നുണ്ടായ ബംഗളൂരു സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ 2009 ഫെബ്രുവരി അഞ്ചിന് ജോലി ചെയ്യുന്ന കടയില്‍ നിന്നാണ് സക്കരിയ അറസ്റ്റിലായത്. കേസില്‍ എട്ടാം പ്രതിയായ സക്കരിയ നാലാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് സ്‌ഫോടനത്തിനുള്ള ടൈമറുകളും മൈക്രോചിപ്പുകളും നിര്‍മിച്ചു നല്‍കി എന്നതാണ് ചുമത്തപ്പെട്ട കുറ്റം.
Discussion about this post