ഡല്‍ഹി: ജമ്മു കശ്മീരിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടുത്ത കാലത്തെത്തിയ പണത്തിന്റെ ഉറവിടം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കുന്നു. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍.ഐ.എ വെള്ളിയാഴ്ച വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരിലെ ചില ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. പണമെത്തിയ അക്കൗണ്ട് ഉടമകള്‍ക്ക് ഇത്രയധികം തുക ഇടപാട് നടത്താനുള്ള വരുമാനമില്ലെന്ന് കണ്ടെത്തിയതായും മുതിര്‍ന്ന ഓഫീസര്‍ വ്യക്തമാക്കി.
പണമൊഴുക്കിന്റെ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനൊടൊപ്പം അവയുടെ ലക്ഷ്യവും വ്യക്തമാകേണ്ടതുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി യഥാസമയത്തു തന്നെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.
ജൂലായ് എട്ടിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീര്‍ അസ്വസ്ഥമായത്. ഇതുവരെയുണ്ടായ സംഘര്‍ഷത്തില്‍ 67 പേര്‍ക്ക് ജീവന് നഷ്ടമായി. ഈ പശ്ചാത്തലത്തിലാണ് സംഘര്‍ഷത്തില്‍ ഭീകരരുടെ പങ്ക് പരിശോധിക്കാന്‍ എന്‍.ഐ.എ കശ്മീരില്‍ എത്തിയത്. കശ്മീരിനെ അസ്വസ്ഥമാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അമിതമായി പണം എത്തുന്നുണ്ടെന്ന് എന്‍.ഐ.എ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
Discussion about this post