ഡല്‍ഹി: ഏഴ് പേരടങ്ങിയ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സ്ത്രീ ഉള്‍പ്പടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. സുപ്രീംകോടതി വധശിക്ഷ ശരിവച്ച വധശിക്ഷക്ക് വിധിച്ച ഉത്തര്‍പ്രദേശ് സ്വദേശി ശബ്‌നം, പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളായ ജസ്വീര്‍ സിംഗ്, വിക്രം സിംഗ് എന്നിവരുടെ ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്.
ശബ്‌നവും ഭര്‍ത്താവ് സലീമും ചേര്‍ന്ന് ശബ്‌നത്തിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഏപ്രില്‍ 14-15 ദിവസങ്ങളിലായിരുന്നു കൊലപാതകം നടന്നത്. . 2015 മെയ് 15-ന് സുപ്രീംകോടതി ഇവരുടെ വധശിക്ഷ വിധിച്ചിരുന്നു. ശബ്‌നത്തെ മൊറാദാബാദിലെ ജയിലിലും ഭര്‍ത്താവ് സലീമിനെ ആഗ്രയിലെ ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ ശബ്നം പ്രസവിച്ച കുട്ടിയെ വളര്‍ത്താന്‍ കൊടുത്തതും വാര്‍ത്തയായിരുന്നു.
ജസ്വീര്‍ സിംഗിനേയും വിക്രം സിംഗിനേയും പഞ്ചാബിലെ പാട്യാല ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 2005ല്‍ പതിനാറുകാരനായ സ്‌കൂള്‍ കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ കേസില്‍ ജസ്വീര്‍ സിംഗിന്റെ ഭാര്യ സോണിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ആഗസ്റ്റ് ഏഴിന് രാഷ്ട്രപതി നിരസിച്ച ദയാ ഹര്‍ജിയുടെ വിവരങ്ങള്‍ ഇന്നലെയാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. മാര്‍ച്ച് 31ന് ശബ്‌നത്തിന്റേയും ജൂണ്‍ 23ന് മറ്റ് രണ്ടുപേരുടേയും ഹര്‍ജി ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയായിരുന്നു.
2012ല്‍ രാഷ്ട്രപതിയായ ശേഷം 39 ദയാഹര്‍ജികളാണ് ഇതുവരെ പ്രണബ് മുഖര്‍ജിയുടെ പരിഗണനയ്ക്ക് വന്നത്. ഇതില്‍ രണ്ട് പേരുടെ ദയാഹര്‍ജികള്‍ മാത്രമാണ് അംഗീകരിച്ചത്. ഇവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യപ്പെട്ടു. മുംബയ് ഭീകരാക്രമണത്തില്‍ പങ്കാളിയായ പാകിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബ് (2012 നവംബര്‍ 21), പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്സല്‍ ഗുരു (2013 ഫെബ്രുവരി 10), മുംബയ് സ്ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്‍ (2015 ജൂലായ് 30) എന്നിവരുടെ വധശിക്ഷയാണ് ഇതില്‍ നടപ്പാക്കിയത്. ഇതില്‍ അഫ്സല്‍ ഗുരുവിന്റേയും യാക്കൂബ് മേമന്റെയും വധശിക്ഷക്കെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തില്‍ പ്രണബ് മുഖര്‍ജി സ്വീകരിച്ചത്.
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ 35 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി. നിരവധി അപ്പീലുകള്‍ തീര്‍പ്പാക്കാതെ വയ്ക്കുകയും ചെയ്തു. നേരത്തെ വന്നതും തന്റെ കാലത്ത് വന്നതുമായി 25 അപേക്ഷകളാണ് എ.പി.ജെ.അബ്ദുള്‍ കലാമിന് മുന്നിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് കലാം തള്ളിയത്. 2004ല്‍ ഒരു വധശിക്ഷ മാത്രമാണ് ഇതില്‍ നടപ്പാക്കിയത് കെ.ആര്‍.നാരായണന് 10 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ ഒന്ന് മാത്രമാണ് തള്ളിയത്.
വധശിക്ഷ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാവുകയും കേന്ദ്രസര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ നിയമ കമ്മീഷന്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. നീണ്ട ശിക്ഷാ കാലാവധി പരിഗണിച്ച് രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്തതും വധശിക്ഷ നിര്‍ത്തലാക്കണം എന്ന ആവശ്യത്തിന് ആക്കം കൂട്ടി. സ്വാതന്ത്ര്യത്തിന് ശേഷം ഇതുവരെ 58 വധശിക്ഷകളാണ് ഇന്ത്യയില്‍ നടപ്പാക്കിയത്.
Discussion about this post