ഡല്‍ഹി: രാജ്യത്തിന്റെ മാറ്റത്തിന് പടിപടിയായുള്ള മാറ്റമല്ല, ത്വരിതഗതിയിലുള്ള പരിവര്‍ത്തനവും നിയമങ്ങളുടെ ദേഭഗതിയും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അനാവശ്യ നടപടിക്രമങ്ങള്‍ ഇല്ലാതാക്കണം. വേഗത ആര്‍ജിക്കണം. മാറ്റത്തിന്റെ വെല്ലുവിളി ഉള്‍ക്കൊള്ളാന്‍ തയ്യാറാണെങ്കില്‍ പടിപടിയായുള്ള വളര്‍ച്ച കൊണ്ട് മതിയാകില്ല. ഒറ്റപ്പെട്ട് നിന്ന് ഒരു രാജ്യത്തിനും വികസിക്കാനാവില്ല. വ്യത്യസ്തമായി ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് യുവാക്കള്‍. ഇന്ത്യയുടെ ദ്രുതഗതിയിലുളളള രൂപാന്തരീകരണമാണ് പടിപടിയായുള്ള മാറ്റമല്ല തന്റെ കാഴ്ചപ്പാടെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതി ആയോഗ് സംഘടിപ്പിച്ച ‘ട്രാന്‍സ്ഫോമിംഗ് ഇന്ത്യ’യുടെ ആദ്യ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.
മാറ്റത്തിനായി ഭരണത്തില്‍ കാലോചിതമായ പരിഷ്കാരം വരണം. 19-ാം നൂറ്റാണ്ടിലെ ഭരണരീതിയില്‍ ഇത് സംഭവിക്കില്ല. മനോഭാവത്തില്‍ മാറ്റംവരാതെ ഭരണത്തിലെ മാറ്റം സംഭവിക്കില്ല. കാലോചിതമായ ആശയങ്ങള്‍ വരാതെ മനോഭാവത്തിലും മാറ്റങ്ങളുണ്ടാവില്ലെന്നും മോഡി പറഞ്ഞു.
നിയമങ്ങളുടെ ഭേദഗതിയും അനാവശ്യ നടപടിക്രമങ്ങളുടെ ഒഴിവാക്കലും നടപടിക്രമങ്ങള്‍ക്ക് വേഗത ആര്‍ജിക്കേണ്ടതും സാങ്കേതികവിദ്യ ഉള്‍ക്കൊള്ളേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. 19-ാം നൂറ്റാണ്ടിലെ ഭരണവ്യവസ്ഥയുമായി 21-ാം നൂറ്റാണ്ടിലൂടെ കടന്നുപോകാന്‍ കഴിയില്ല. വികസനത്തിനായി ആഗോള സഹകരണവും പരിശോധനകളും വേണം. സ്ഥാപനങ്ങളുടെ യോഗ്യതയും ആശയങ്ങളെയും ആശ്രയിച്ചുവേണം ഇത്. എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതയ ശക്തിയും പരിചയവും വിഭവങ്ങളുമുണ്ട്. മൂന്ന് പതിറ്റാണ്ട് മുന്‍പ്വരെ പരിഹാരം കണ്ടെത്താന്‍ സ്വയം ഉള്ളിലേക്ക് നോക്കിയിരുന്ന രാജ്യങ്ങള്‍ ഇന്ന് പരമ്പരം ബന്ധപ്പെട്ടും കൈത്താങ്ങായുമാണ് പ്രവര്‍ത്തിക്കുന്നതെന്നും മോഡി ചൂണ്ടാക്കാട്ടി.
കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി തര്‍മാന്‍ ശണ്മുരുഗ രത്നവും സംബന്ധിച്ചു.
Discussion about this post