കൊല്ലം :വര്‍ഗസമരത്തിന്റെ വക്താക്കളായ സിപിഎമ്മുകാര്‍ ഭൗതികവാദം ഉപേക്ഷിച്ച് ആചാര്യന്മാരുടെ ജന്മജയന്തി ആഘോഷിക്കുന്നത് ആശയപാപ്പരത്തമാണു തെളിയിക്കുന്നതെന്ന് ആര്‍എസ്പി. ശോഭായാത്ര, തിടമ്പ് നൃത്തം, കൂട്ടപ്രതിജ്ഞ എന്നിവയായി സിപിഎമ്മിന്റെ സമരപരിപാടികള്‍ പരിമിതപ്പെട്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടു പൂര്‍ണമായും വിടപറഞ്ഞ സിപിഎം അധികാരത്തില്‍ എത്തുന്നതിന് ഏതുവേഷവും കെട്ടുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലും അത്ഭുതപ്പെടുത്തുന്നുവെന്നും ആര്‍എസ്പി സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബിജെപിയെ ശക്തിപ്പെടുത്താനാണുള്ള നീക്കം അപകടകരമാണ്. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പ്രചരിപ്പിക്കുകയും ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയം സിപിഎം സ്വീകരിച്ചിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിലവിളക്കു തെളിയിക്കാത്ത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ സംസ്ഥാനമാകെ പ്രക്ഷോഭം നടത്തിയവര്‍ ഇപ്പോള്‍ നിലവിളക്കു തെളിയിക്കേണ്ടതില്ലെന്നു പറയുന്നത് ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖമാണെന്നും ആര്‍എസ്പി കുറ്റപ്പെടുത്തി.
സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള ഹീനമായ ശ്രമമാണ് സിപിഎം നടത്തുന്നതെന്നും, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍, ചടങ്ങുകളില്‍ നിലവിളക്കു തെളിയിക്കല്‍ എന്നിവയെക്കുറിച്ചു ഭരണകര്‍ത്താക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും ആര്‍എസ്പി വിലയിരുത്തി.
Discussion about this post