ഡല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യയുടെ വിജയത്തിനായി വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ സ്ഥിരതാമസം ഒരുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് നടപടി. ഇന്ത്യയില്‍ ഒരു നിശ്ചിത പരിധിയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥിരം സംവിധാനം എന്ന നിലയിലുള്ള തീരുമാനം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എടുത്തിരിക്കുന്നത്.
വിസാചട്ടത്തില്‍ ഇതിനായി ഭേദഗതി വരുത്താനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. 18 മാസ കാലയളവിനിടയില്‍ 10 കോടി രൂപയും 36 മാസത്തിനിടയില്‍ 25 കോടിയും നിക്ഷേപിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. പണമിറക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയില്‍ ആയിരിക്കണം. നിക്ഷേപത്തിലൂടെ 20 ഇന്ത്യാക്കാര്‍ക്കെങ്കിലും തൊഴില്‍ കിട്ടണം തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
സ്ഥിരതാമസ പദവി 10 വര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. പിന്നീട് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കും. വിസ ഇളവുകള്‍, വിദ്യാഭ്യാസവും തൊഴില്‍ ചെയ്യാനുമുള്ള അവകാശം എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിക്ഷേപകന്റെ കുടുംബാംഗങ്ങള്‍ക്കും ഉണ്ടായിരിക്കും. നിക്ഷേപകന്റെ ഭാര്യയ്ക്കോ ആശ്രിതര്‍ക്കോ ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നതിനും തടസ്സം ഉണ്ടായിരിക്കില്ല. ഇതിന് പുറമേ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ താമസയോഗ്യമായ വസ്തുവും വാങ്ങാനും അനുവദിക്കും. ഇതിനായി വിസാചട്ടത്തില്‍ ഭേദഗതി വരുത്തിയേക്കും.
Discussion about this post