തിരുവനന്തപുരം: കുട്ടി സഖാക്കളിലൂടെ സിപിഎം ഭാവിയിലേക്കുള്ള ക്വട്ടേഷൻ സംഘത്തെ വാർത്തെടുക്കുകയാണ് ചെയ്യുന്നത് എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. എസ്എഫ്‌ഐ ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ സിപിഎം തയ്യാറാകണം. എസ്.എഫ്.ഐക്ക് സ്വാധീനമുള്ള കലാലയങ്ങളിൽ ഇടിമുറികൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്. അതിന് ഇടതനുകൂലികളായ അധ്യാപകരുടെ സഹായവും ലഭിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിൻറ് സെക്രട്ടറിയും വിദ്യാർത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ കുട്ടിസഖാക്കൾ മർദ്ദിച്ചത്. പ്രതിഷേധ സ്ഥലത്തെത്തിയ എം.വിൻസൻറ് എംഎൽഎയെയും എസ്.എഫ്.ഐക്കാർ കയ്യേറ്റം ചെയ്തു. ഈ സമയത്തെല്ലാം പോലീസുകാർ വെറും കാഴ്ചക്കാർ മാത്രമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യാപകന്റെ കാൽവെട്ടുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും ക്യാമ്പസുകളിൽ അക്രമങ്ങൾ നടത്തുകയും നിരപരാധികളായ വിദ്യാർത്ഥികളെ മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന കുട്ടിസഖാക്കളെ സംരക്ഷിക്കുന്നതിലൂടെ സിപിഎം ഭാവിയിലേക്കുള്ള ക്വട്ടേഷൻ സംഘത്തെ വാർത്തെടുക്കുകയാണ് ചെയ്യുന്നത്.തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി സംഭവിച്ചിട്ടും തിരുത്തലുകൾ നടത്താൻ സിപിഎം തയ്യാറാകാത്തത് അതിശയം തന്നെയാണ്. സിപിഎമ്മിന്റെ തെറ്റുതിരുത്തൽ എസ്.എഫ്.ഐയിൽ നിന്ന് തുടങ്ങുന്നതാണ് ഉചിതം. ഇനിയും എസ്എഫ്‌ഐയെ കയറൂരി വിടാനാണ് സിപിഎമ്മിന്റെ തീരുമാനം എങ്കിൽ അതിന് വലിയ വില നൽകേണ്ടിവരും.സ്വയംതിരുത്താൻ എസ്.എഫ്.ഐയെ ഉപദേശിക്കുന്നതാണ് സിപിഎമ്മിന് നല്ലതെന്നും കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.
കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ച എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാത്തതിനെ തുടർന്നാണ് എംഎൽഎമാരായ എം. വിൻസന്റ്, ചാണ്ടി ഉമ്മൻ എന്നിവർ കുട്ടികളോടൊപ്പം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. ഞങ്ങൾ പ്രതിഷേധിച്ചത് കൊണ്ട് മാത്രമാണ് അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പേരിനെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായത്. അതിൻറെ പ്രതികാരമാണ് യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള പോലീസിൻറെ കള്ളക്കേസ് എന്നും കെ പി സി സി പ്രസിഡന്റ പറഞ്ഞു.
Discussion about this post