കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന സംശയിക്കുന്ന കുമ്പളം സ്വദേശി ബാബുറാമിന്റെ സ്വത്ത് വിവരങ്ങളുടെ പട്ടിക വിജിലന്‍സ് കണ്ടെത്തി. സ്വത്ത് വിവരങ്ങളെക്കുറിച്ച് ബാബുറാം സ്വയം എഴുതിത്തയാറാക്കിയ പട്ടികയാണ് വിജിലന്‍സിന് ലഭിച്ചത്. കണ്ടെടുത്ത 84 രേഖകളനുസരിച്ച് ബാബുറാമിന് തൃപ്പൂണിത്തുറ മണ്ഡലത്തിലെ മരട്, പള്ളുരുത്തി, പനങ്ങാട് എന്നിവിടങ്ങളിലായി 41 ഇടത്ത് ഭൂമിയുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാബുറാം വന്‍ തോതില്‍ സാമ്പത്തിക ഇടപാടുകളും ഭൂമി ക്രയവിക്രയങ്ങളും നടത്തിയിട്ടുണ്ട്. ബാബുറാമിനെ വിജിലന്‍സ് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യും. അന്വേഷണ സംഘം കഴിഞ്ഞ ദിവസം ബാബുറാമിനെ ചോദ്യം ചെയ്തിരുന്നു. ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കറുടെ പനങ്ങാട്ടുള്ള വില്ല പ്രോജക്ടിന്റെയടക്കം ഇടപാടുകള്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ബാബുവുമായി കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന ബന്ധം മാത്രമേയുള്ളൂവെന്നും ബിസിനസ് ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നുമാണ് ബാബുറാം മൊഴി നല്‍കിയിട്ടുള്ളത്. കേരളത്തിനു പുറത്ത് ബാബുറാം നടത്തിയ ഭൂമിയിടപാടുകളെപ്പറ്റി അന്വേഷണം നടക്കുകയാണ്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ കെ. ബാബുവിന്റെയും മക്കളുടെയും, ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടെയും വീടുകളില്‍ ശനിയാഴ്ചയാണ് വിജിലന്‍സ് പ്രത്യേക സെല്‍ റെയ്ഡ് നടത്തിയത്. എറണാകുളത്തും തൊടുപുഴയിലുമായി അഞ്ച് വീടുകളില്‍ നടന്ന റെയ്ഡില്‍ എട്ട് ലക്ഷം രൂപയും 180 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
ബാബുവിന്റെ ബിനാമികളെന്ന് സംശയിക്കുന്ന തൃപ്പൂണിത്തുറ റോയല്‍ ബേക്കേഴ്സ് ഉടമ കെ.സി. മോഹനന്, കുമ്പളം വടക്കേടത്ത് വീട്ടില്‍ ബാബുറാം എന്നിവര്‍ക്കെതിരെ വിജിലന്‍സ് പ്രത്യേക സെല്‍ കേസെടുത്തിട്ടുണ്ട്. അധികാര ദുരുപയോഗം നടത്തി കോടികള്‍ സമ്പാദിക്കുകയും ബിനാമികളുടെ പേരിലേക്ക് മാറ്റുകയും ചെയ്തതായി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിലുണ്ട്. എഫ്.ഐ.ആറിന്റെ തുടര്‍ച്ചയായിരുന്നു റെയ്ഡ്.
Discussion about this post