തൃശ്ശൂർ: താരസമ്പന്നമായി ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ ചടങ്ങുകൾ. നടൻ മോഹൻലാൽ, ദിലീപ്, സുരേഷ് ഗോപി, കാവ്യമാധവൻ തുടങ്ങി വൻ താരനിരയാണ് താരപുത്രിയുടെ വിവാഹ ചടങ്ങിൽ സന്നിഹിതരായത്. മാളവികയുടെ വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരുന്നു മാളവികയുടെ വിവാഹം. ഇതിന് ശേഷം തൃശ്ശൂരിലെ നക്ഷത്ര ഹോട്ടലിൽ വിവാഹത്തോട് അനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനായിരുന്നു വൻ താരനിര എത്തിയത്.
പരമ്പരാഗത വേഷത്തിലായിരുന്നു ഉറ്റ സുഹൃത്തു കൂടിയായ ജയറാമിന്റെ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ മോഹൻലാൽ എത്തിയത്. വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച് വിവാഹ വേദിയിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ വൈറൽ ആകുന്നുണ്ട്. നവദമ്പതികളെ ആശിർവദിച്ച അദ്ദേഹം ഒപ്പം നിന്ന് ചിത്രങ്ങളും എടുത്തു.
നടൻ ദിലീപും കാവ്യയും മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും വിവാഹ ചടങ്ങിന് ഒപ്പം കൂട്ടിയിരുന്നു. പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു കാവ്യയുടെ വേഷം. വിവാഹ ചടങ്ങിന് എത്തിയ മറ്റ് സെലിബ്രിറ്റികളോട് കുശലാന്വേഷണം നടത്തിയായിരുന്നു കാവ്യ മടങ്ങിയത്.
ഗുരുവായൂർ ക്ഷേത്രത്തിൽ താലികെട്ടിനായിരുന്നു സുരേഷ് ഗോപി സാക്ഷ്യം വഹിച്ചത്. ഒപ്പം ഭാര്യ രാധികയും ഉണ്ടായിരുന്നു. ഇരുവരും പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു ക്ഷേത്രത്തിൽ എത്തിയത്. വിവാഹത്തോട് അനുബന്ധിച്ച് വരും ദിവസങ്ങളിലും ചടങ്ങുകൾ നടക്കുന്നുണ്ട്. ഇതിലും വൻ താരനിര തന്നെ പങ്കുകൊള്ളും.
Discussion about this post