ലക്‌നൗ: വിമർശനങ്ങൾക്കിടെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ജില്ലാ കളക്ടർ മുൻപാകെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മാതാവും മുതിർന്ന കോൺഗ്രസ് വനിതാ നേതാവുമായ സോണിയ ഗാന്ധി, സഹോദരി പ്രിയങ്കാ വാദ്ര, കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്നാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള അവസാന ദിവസം. ബിജെപിയും മറ്റ് രാഷ്ട്രീയ പാർട്ടികളും മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് മാത്രം സ്ഥാനാർത്ഥി നിർണയം വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് രാഹുലിനെ സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചത്.
വയനാടിന് പുറമേ റായ്ബറേലിയിലോ അമേഠിയിലോ രാഹുൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ ഏത് മണ്ഡലം നൽകണമെന്നകാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമേ അമേഠിയിൽ നിന്നായിരുന്നു രാഹുൽ മത്സരിച്ചത്. എന്നാൽ ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. ഇക്കുറിയും അമേഠിയിൽ സ്മൃതി ഇറാനിയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ഈ സാഹചര്യത്തിൽ പരാജയം മണത്താണ് രാഹുലിനെ റായ്ബറേലിയിൽ നിർത്തുന്നത് എന്നാണ് സൂചന.
സോണിയ ഗാന്ധിയുടെ മണ്ഡലം ആയിരുന്നു റായ്ബറേലി. രാജ്യസഭാ എംപിയായതോടെ ഒഴിവ് വന്ന സീറ്റിലേക്കാണ് പകരക്കാരനായി രാഹുൽ മത്സരിക്കുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് റായ്ബറേലി. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് രാഹുൽ ഇവിടെ നിന്നും മത്സരിക്കുന്നത്. അതേസമയം റായ്ബറേലിയിൽ നിന്നും രാഹുൽ മത്സരിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ആണ് ഉയരുന്നത്. വയനാട്ടിലെ ജനങ്ങൾ രാഹുലിന്റെ ഇരട്ട സ്ഥാനാർത്ഥിത്വത്തിൽ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post