ഡല്‍ഹി: ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെ ഫിന്ലാന്ഡില് നിന്ന് ലെഫ്. ഗവര്‍ണര്‍ തിരിച്ചു വിളിച്ചതായി റിപ്പോര്‍ട്ട്. ചിക്കന്‍ഗുനിയയും മറ്റ് പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറ്റുചില മന്ത്രിമാരും ഡല്‍ഹിയില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് ലെഫ്. ഗവര്‍ണര്‍ നജീബ് ജങിന്റെ നടപടി.
ഇതിനോടകം ഡല്‍ഹിയില്‍ ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും ബാധിച്ച് 30 പേര് മരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 2800 കടന്നതായാണ് ഔദ്യോഗിക കണക്ക്. നൂതനമായ വിദ്യാഭ്യാസരീതിയെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് സിസോദിയ ഫിന്‍ലാന്‍ഡിലെത്തിയത്. എന്നാല്‍ സിസോദിയ ഫിന്ലാന്ഡില് അവധിക്കാലം ആഘോഷിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ഒരു പഠനയാത്രയെ അപമാനിക്കുന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്നും ഡല്‍ഹിയിലെ വിദ്യഭ്യാസരീതിയില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്താനാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സിസോദിയ ട്വിറ്ററില്‍ മറുപടി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തൊണ്ട സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയിലാണ്.
Discussion about this post