മുംബൈ: ബോളിവുഡ് താരം വിദ്യാബാലന് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ കെണിയിലായത് അയല്‍വാസിയായ പ്രമുഖ നടന്‍ ഷാഹിദ് കപൂറാണ്. ഡെങ്കി പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതില്‍ ഷാഹിദ് പരാജയപ്പെട്ടു എന്നു പറഞ്ഞ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഷാഹിദിന് നോട്ടീസ് അയച്ചു. 10,000 രൂപ പിഴയൊടുക്കാനും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസമാണ് വിദ്യയ്ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നീരിക്ഷണത്തിലാണ് വിദ്യ. മുംബൈ ജൂഹു താര റോഡിലെ അപ്പാര്‍ട്ടുമെന്റിലെ അയല്‍വാസികളാണ് വിദ്യയും ഷാഹിദും. വിദ്യ താമസിക്കുന്ന ഫ്‌ളാറ്റിന്റെ രണ്ടുനിലകള്‍ക്ക് താഴെയാണ് ഷാഹിദ് താമസിക്കുന്നത്. ഷാഹിദിന്റെ ഫ്‌ളാറ്റിലെ ഉപയോഗശൂന്യമായ നീന്തല്‍ക്കുളം കൊതുകുകളുടെ താവളമാണെന്ന് കോര്‍പ്പറേഷന്റെ ആരോഗ്യവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ഡെങ്കിപ്പനി പകരാന്‍ കാരണം ഇതാണത്രേ. അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയിലുള്ള മറ്റൊരു അയല്‍വാസിക്കും നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇരുവരോടും 10,000 രൂപ പിഴയടയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2003-ല്‍ ഇഷ്‌ക് വിഷ്‌കിലൂടെ അഭിനയരംഗത്തെത്തിയ ഷാഹിദിന്റെ കിസ്മത്ത് കണക്ഷന്‍ എന്ന ചിത്രത്തിലെ നായികയായിരുന്നു വിദ്യാ ബാലന്‍. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. സുഹൃത്തിന് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ വിദ്യാ ബാലന്‍ തയാറായിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ 1500 ഓളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് മുംബയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയിരിക്കുന്നത്.
Discussion about this post