വാരങ്കല്‍: സെല്‍ഫി ഭ്രമത്തില്‍ വീണ്ടും ഒരു ദുരന്തം കൂടി. തെലങ്കാനയിലെ വാരങ്കലില് സെല്‍ഫിയെടുക്കുന്നതിനിടെ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഡാമിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. ധര്മസാഗര് ഡാമില്‍ വിനോദയാത്രയ്ക്കെത്തിയ വാഗ്ദേവി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ശ്രവ്യ പി(22), ശ്രീനിധി(21), വേണുത(22), ശിവ സായ്(21). ശിവ സായി കൃഷ്ണ(21) എന്നിവരാണ് മരിച്ചത്. കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മരിച്ച അഞ്ച് പേരും. രമ്യ പ്രത്യുഷ എന്ന കൂട്ടുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചു പേരും ഒഴുക്കില്‍പെട്ടത്.
വെള്ളക്കെട്ടിന് നടുക്കായുള്ള പാറക്കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു ഇവര്‍. ഇതിനിടെ പാറ ഇളകുകയും രമ്യ ഡാമിലെ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. രമ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാക്കി അഞ്ച് പേരും ഒഴുക്കില്‍ പെട്ടത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി രമ്യയെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കി അഞ്ച് പേരേയും രക്ഷിക്കാനായില്ല. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഡാമില്‍ നിന്നും അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Discussion about this post