കൊച്ചി: ബാര്‍ കോഴ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളില്‍ മുന്‍എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തെളിവുകളും അന്വേഷണ വിവരങ്ങളും കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച തെളിവുകളും വിവരങ്ങളും മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം വിജിലന്‍സിനില്ലെന്നും ജേക്കബ് തോമസ് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബാബുവിനെതിരെ തെളിവുകളില്ലെന്നും സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്നും ഇന്നലെ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി ജേക്കബ് തോമസ് എത്തിയത്.
ബാബുവിനെതിരായ അന്വേഷണം സുതാര്യമാണ്. ആരുടെയും ഇടപെടല്‍ ഇല്ല. വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതും ഇപ്പോള്‍ മുന്നോട്ട് പോകുന്നതും. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. അവയുടെ വിവിധ പരിശോധനകളും പൂര്‍ത്തിയായിട്ടുണ്ട്. മൂന്നുമാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി. അപ്പോള്‍ ബോധ്യമാകും ബാബുവിനെതിരെ തെളിവുണ്ടോ എന്ന്. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ വിജിലന്‍സിന് എതിരെ ഇനിയും ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നേക്കാം. ഇതിനൊന്നും മറുപടി നല്‍കേണ്ട ബാധ്യത വിജിലന്‍സിനില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post