ഡല്‍ഹി: പുതിയ തലമുറ തോക്കുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ. ലക്ഷ്യം ഭേദിക്കാന്‍ കൂടുതല്‍ കൃത്യതയുള്ള തോക്കുകളാണ് കരസേനയ്ക്കായി ഇന്ത്യ തേടുന്നത്. 1,85,000 അത്യാധുനിക അസൗള്‍ട്ട് റൈഫിളുകളാണ് ഇന്ത്യയ്ക്ക് ഉടന്‍ ആവശ്യമായിട്ടുള്ളത്.
65,000 തോക്കുകള്‍ ഇറക്കുമതി ചെയ്യാനും ബാക്കി 1,20,000 തോക്കുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുമാണ് പദ്ധതി. ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 6648 കോടി രൂപ) ആയുധ ഇടപാടിനാണ് പ്രതിരോധ വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ഇന്ത്യന്‍ സ്മോള്‍ ആര്‍മ്ഡ് സിസ്റ്റം( ഐ.എന്‍.എസ്.എസ്) തോക്കുകള്‍ക്ക് സാങ്കേതിക തകരാറുകള്‍ ധാരാളം ഉള്ളതിനെ തുടര്‍ന്നാണ് പുതിയ തലമുറ തോക്കുകള്‍ക്ക് സൈന്യത്തില്‍ നിന്ന് ആവശ്യമുയര്‍ന്നത്. ഭാരം കുറഞ്ഞതും 500 മീറ്റര്‍ പ്രഹര ശേഷിയുമുള്ള തോക്കുകളാണ് സൈന്യം ആവശ്യപ്പെടുന്നത്. 25 മുതല്‍ 30 വര്‍ഷം വരെ ആയുസുള്ളവയുമായിരിക്കണം ഇവയെന്നാണ് സൈന്യത്തിന്റെ നിബന്ധന.
വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രതിരോധ വകുപ്പ് 2017-ല്‍ ആഗോള ടെന്‍ഡര്‍ വിളിക്കും. സേന ഇപ്പോള്‍ ഉപയോഗിക്കുന്ന ഐ.എന്‍.എസ്.എസ് തോക്കുകള്‍ക്ക് സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്ക് എ.കെ 47 തോക്കുകളാണ് സൈന്യം ഉപയോഗിക്കുന്നത്.
പുതിയ തലമുറ തോക്കുകള്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്ന മുറയ്ക്ക് ഇവയില്‍ ഘടിപ്പിക്കാനുള്ള ഗ്രനേഗ് ലോഞ്ചറുകള്‍, ലേസര്‍ പോയിന്റര്‍, ഹോളോഗ്രാഫിക് വിഷന്‍ തുടങ്ങിയവകൂടി സൈന്യം വാങ്ങും. അസൗള്‍ട്ട് റൈഫിളിന് പുറമെ 1,60,000 കാര്‍ബൈന്‍ തോക്കുകള്‍, 16,000 ലൈറ്റ് മെഷീന് ഗണ്‍, 3,500 സ്നിപ്പര്‍ റൈഫിളുകള്‍ എന്നിവയും ഇന്ത്യ വാങ്ങുന്നുണ്ട്.
Discussion about this post